Latest Videos

മങ്കിപോക്സ്: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ ജാഗ്രതാ നിർദ്ദേശം, ആരോഗ്യ സെക്രട്ടറി കത്തയച്ചു

By Web TeamFirst Published Jul 14, 2022, 4:01 PM IST
Highlights

അടുത്ത സമ്പർക്കത്തിലൂടെ ശരീരസ്രവങ്ങൾ വഴിയാണ് രോഗം പകരുക. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നിട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും വ്യാപിക്കുന്നതാണ് മങ്കിപോക്സ്.

ദില്ലി: മങ്കിപോക്സിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ ജാഗ്രതാ നിർദ്ദേശം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഡോക്ടര്‍മാരിലും മറ്റ് ആരോഗ്യ പ്രവർത്തകരിലും മങ്കിപോക്സിന്‍റെ ലക്ഷണങ്ങളെ കുറിച്ച് അവബോധമുണ്ടാക്കണം. രോഗം സ്ഥിരീകരിച്ചാൽ ഉടന്‍ ഐസലേഷനില്‍ പ്രവേശിപ്പിക്കണം, ആശുപത്രികള്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അടുത്ത സമ്പർക്കത്തിലൂടെ ശരീരസ്രവങ്ങൾ വഴിയാണ് രോഗം പകരുക. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നിട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും വ്യാപിക്കുന്നതാണ് മങ്കിപോക്സ്. അതേസമയം വിദേശത്ത് നിന്ന് സംസ്ഥാനത്ത് എത്തിയ ഒരാളെ മങ്കിപോക്സ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കി. മുൻപ് മങ്കിപോക്സ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിലുള്ളയാളാണ് ഇദ്ദേഹം.

വിദേശത്ത് നിന്നെത്തി മൂന്ന് ദിവസത്തിനുള്ളിൽ പനി, വസൂരിക്ക് സമാനമായ കുരുക്കൾ എന്നീ ലക്ഷണങ്ങൾ ഇദ്ദേഹത്തില്‍ കണ്ടിരുന്നു. ഇതോടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്ന് പിന്നീട് സർക്കാർ ആശുപത്രിയിലേക്കും മാറ്റി. ഇയാളുമായി സമ്പർക്കത്തില്‍ ഉണ്ടായിരുന്ന ഒരാൾക്ക് നേരത്തെ  മങ്കി പോക്സ് സ്ഥിരീകരിച്ചിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധനകളിലേക്ക് കടന്നത്.

പൂനെ വൈറോളജി ലാബിൽ നിന്ന്  ഇന്ന് കിട്ടുമെന്ന്  പ്രതീക്ഷിക്കുന്ന പരിശോധനാ ഫലം നിർണായകമാണ്. കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ഇവരുമായി മാത്രമാണ് അടുത്ത സമ്പർക്കമുള്ളത്. അതേസമയം, വയനാട്ടിൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട കുരങ്ങുപനിയല്ല മങ്കിപോക്സ് അഥവാ വാനര വസൂരിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. പനി, തലവേദന ഉൾപ്പടെ ലക്ഷണങ്ങൾക്കാണ് ചികിത്സ.  വസൂരിക്ക് സമാനമായ കുരുക്കൾ ദേഹത്ത് പൊങ്ങും.  

മങ്കി പോക്സ് : ലോകാരോഗ്യ സംഘടന യോഗം ചേരും,രോഗപ്പകർച്ച തടയാൻ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് നിർദേശം

 

മങ്കി പോക്സ് പല രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോകാരോഗ്യസംഘടന യോഗം ചേരും. മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാനാണ് വിദഗ്ധ സമിതി യോഗം ചേരുന്നത്. ആഗോള സാഹചര്യം പരിശോധിക്കും. രോഗപ്പകർച്ച തടയാൻ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധാനോം പറഞ്ഞു. സമ്പർക്കം ഉണ്ടായവരെ കണ്ടെത്തി നിരീക്ഷിക്കാൻ രാജ്യങ്ങൾ സംവിധാനം ഒരുക്കണം. മങ്കിപോക്സ് ഇതുവരെ പടർന്നത് 65 രാജ്യങ്ങളിൽ ആണ്. ഇവിടങ്ങളിലായി  10,611 പേരാണ് രോഗബാധിതരായത്.  അമേരിക്കയിൽ മാത്രം 929 രോഗികൾ ഉണ്ട്. ബ്രിട്ടനിൽ 1735 രോഗികളും.

click me!