Covid Kerala : 'പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കണം'; കേരളത്തിന് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം

Published : Apr 18, 2022, 05:13 PM ISTUpdated : Apr 18, 2022, 09:37 PM IST
Covid Kerala : 'പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കണം'; കേരളത്തിന് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം

Synopsis

അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കേരളം കൊവിഡ് കണക്ക് പുറത്തുവിട്ടത്. ഇത് രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും ആരോഗ്യ സെക്രട്ടറി കത്തിൽ പറയുന്നു.  

ദില്ലി: കേരളം പ്രതിദിന കൊവിഡ് (Covid) കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിനെതിരെ കേന്ദ്രം. കൊവിഡ് കണക്കുകൾ കൃത്യമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കണക്ക് പ്രസിദ്ധീകരിച്ചത് രാജ്യത്തെ ആകെ കൊവിഡ് കണക്കുകളെ ബാധിച്ചുവെന്നും കത്തിൽ പറയുന്നു.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടുകയാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ന് 90 ശതമാനം വർധനയാണുണ്ടായത്. ഇന്നലത്തെ 1150 എന്ന കണക്കിൽ നിന്ന് 2180 ആയി പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നു. ഇതിൽ 940 കേസുകളും കേരളത്തിലാണ്. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കൊവിഡ് കണക്കുകൾ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കൊവിഡ് കണക്ക് ഉയരാനിടയാക്കിയെന്ന് ചൂണ്ടികാണിച്ചാണ് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചത്.

കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്നത് രോഗ വ്യാപനം തടയുന്നതിന് നിർണായകമാണെന്നും കത്തിൽ ഓർമ്മിപ്പിക്കുന്നു. ഏപ്രിൽ പതിമൂന്ന് മുതൽ പതിനേഴ് വരെ കേരളം കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കൊവിഡ് മരണങ്ങളും ഇന്നലെയാണ് സംസ്ഥാനം പുറത്തുവിട്ടത്. കണക്ക് പ്രസിദ്ധീകരിച്ച സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചതെന്നും വകുപ്പിൽ ഡാറ്റാ ശേഖരണം തുടരുമെന്നുമായിരുന്നു അന്ന് ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

Also Read: കൊവിഡ് കേസുകള്‍ കൂടുന്നു; ഒരു ദിവസം കൊണ്ട് 90% വര്‍ധനവ്

ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 214 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പോസിറ്റിവിറ്റി നിരക്ക് ദശാംശം മൂന്ന് ഒന്നിൽ നിന്ന് ദശാംശം എട്ട് മൂന്ന് ശതമാനമായി കൂടി. 

നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. 517 കേസുകളാണ് ഒരു ദിവസത്തിനുള്ളില്‍ തന്നെ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 1,518 ആക്ടീവ് കേസുകള്‍ ദില്ലിയിലുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ദില്ലിയില്‍ വന്ന ഉയര്‍ന്ന നിരക്കാണിത്. പോയ ഏതാനും ആഴ്ചകളിലായി ദില്ലി, ഗസിയാബാദ്, നോയിഡ എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി കൊവിഡ് പരന്നിരുന്നു. ഇതാണ് തലസ്ഥാനത്തെ കൊവിഡ് നിരക്ക് വര്‍ധനയ്ക്ക് പിന്നിലെ ഒരു കാരണമെന്നാണ് അനുമാനം. ഇതോടെ പലയിടങ്ങളിലും സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തു. 

കേരളമടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായും അല്ലാതെയും പിന്‍വലിച്ച സാഹചര്യത്തില്‍ കേസുകള്‍ വര്‍ധിക്കുന്നത് ചെറുതല്ലാത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പലയിടങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴയടയ്ക്കണമെന്ന നിര്‍ദേശം പോലും പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ മാസ്‌ക് ധരിക്കാതെ പൊതുവിടങ്ങളിലെത്തുന്ന ആളുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇതും കൊവിഡ് കേസുകള്‍ വരും ദിവസങ്ങളില്‍ കൂടാന്‍ ഇടയാക്കാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; 'പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല'
കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, 'തനിക്ക് അമ്മ മാത്രമാണ് ഉള്ളത്'