
ദില്ലി: 2019 ലെ പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് ധനസഹായം നൽകി. ഏഴ് സംസ്ഥാനങ്ങൾക്കായി ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 5908.56 കോടി രൂപയാണ് അധിക പ്രളയ ധനസഹായമായി കേന്ദ്രം അനുവദിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേരളം കേന്ദ്ര സഹായം അഭ്യർത്ഥിച്ച് കത്തെഴുതിയത്. 2100 കോടി രൂപയാണ് പ്രളയ ധനസഹായമായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. തുടർന്ന് കേരളത്തിലെത്തിയ കേന്ദ്ര സംഘം സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ അമിത് ഷായുടെ നേതൃത്യത്തിൽ ചേർന്ന ഉന്നതതല യോഗം ഒരു രൂപ പോലും അനുവദിച്ചില്ല. പ്രളയം, മണ്ണിടിച്ചിൽ, മേഘവിസ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങള്‍ നേരിട്ട അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രം അധിക പ്രളയ ധനസഹായം അനുവദിച്ചത്.
ഇതിന് മുമ്പ് നാല് സംസ്ഥാനങ്ങൾക്ക് 3200 കോടി രൂപ ഇടക്കാല ധനസഹായം അനുവദിച്ചിരുന്നു. എന്നാൽ ഈ പട്ടികയിലും കേരളമുണ്ടായിരുന്നില്ല. അതേ സമയം, 1200 കോടി രൂപ ഇടക്കാല ധനസഹായം ലഭിച്ച കർണ്ണാടക പുതിയ പട്ടികയിലുമുണ്ട്. 1869 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2019 - 2020 സാമ്പത്തിക വർഷത്തിൽ 8068 കോടി രൂപയാണ് ഇത് വരെ പ്രളയ ധനസഹായമായി സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam