
തിരുവനന്തപുരം: എണ്ണ വിലക്കയറ്റത്തെ (fuel price hike)ന്യായീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ(central minister v muraleedharan). ആഗോള തലത്തിൽ 50 ശതമാനം വില കൂടി. എന്നാൽ ഇന്ത്യയിൽ 5 ശതമാനം മാത്രമാണ് വർധന. വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ തിരുവ കുറച്ചു. എന്നാൽ സംസ്ഥാനം അനുപാതികമായി കുറച്ചില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ഇന്ത്യൻ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് ഇന്ധനവില വർധിക്കുകയാണ് (Fuel Price Hike). രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില (Fuel Price) വീണ്ടും കൂടി. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധന തുടർച്ചയായി കുതിക്കുകയാണ്. ഒരു ലിറ്റർ ഡീസലിന് 85 പൈസയും പെട്രോൾ ലിറ്ററിന് 87 പൈസയും ഇന്ന് കൂട്ടി.
ഇന്ധന വില വർധന; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി; 'ഇടതുസർക്കാർ നികുതി നിരക്ക് ഇന്നേവരെ കൂട്ടിയിട്ടില്ല'
തിരുവനനന്തപുരം: ഇന്ധനവില (fuel hike)അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ഇന്നും പെട്രോളിനും(petrol) ഡീസലിനും(diesel) 80 പൈസ വീതം വർധിപ്പിച്ചിരിക്കുകയാണ്. കേരളം പോലുള്ള ഉപഭോക്ത സംസ്ഥാനങ്ങളില്‍ വമ്പിച്ച വിലക്കയറ്റത്തിന് ഇത് കാരണമായിത്തീരുകയാണ്. ഇവയ്‌ക്കെതിരായി വലിയ പ്രക്ഷോഭങ്ങള്‍ രാജ്യത്തെമ്പാടും വളര്‍ന്നുവരികയാണ്.
മാര്‍ച്ച് മാസത്തില്‍ മാത്രം പെട്രോളിന് 7.01 രൂപയും, ഡീസലിന് 5.76 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ആഗോളവല്‍ക്കരണ നയം ആരംഭിക്കുന്നതിനു മുമ്പ് 9.8 രൂപയായിരുന്ന പെട്രോളിന്റെ വിലയും, 4.8 രൂപയായിരുന്ന ഡീസലിന്റെ വിലയും ഇന്ന് നൂറ് കവിഞ്ഞിരിക്കുകയാണ്. സബ്‌സിഡി സിലണ്ടറിന് ആ ഘട്ടത്തില്‍ 56 ഓളം രൂപയാണ് ഉണ്ടായിരുന്നത്. ഇന്ന് അത് ആയിരത്തിന് അടുത്തിരിക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 256 രൂപയാണ്. ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ വില 2250 രൂപയായും മാറിക്കഴിഞ്ഞിരിക്കുന്നു.
ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്ന എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക എന്ന നയമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്ത നടപടിയിലൂടെയാണ് ഇതിന് തുടക്കംകുറിച്ചത്. സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് ഈ മേഖലയില്‍ അനുവാദം നല്‍കിയതിന്റെ തുടര്‍ച്ച കൂടിയാണ് ഈ നടപടി. എണ്ണ വില സ്ഥിരമാക്കി നിര്‍ത്തിയ ഓയില്‍പൂള്‍ അക്കൗണ്ട് നിര്‍ത്തലാക്കിയ നടപടിയും ഇതിന് കാരണമായിത്തീര്‍ന്നു. പുതിയ എണ്ണ പരിവേഷണം നടത്തി മുന്നോട്ടുപോയ ഒഎന്‍ജിസി യുടെ പദ്ധതികള്‍ പോലും കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്ന നയവും ഇക്കാര്യത്തില്‍ ഭാവിയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതിനുള്ള സാഹചര്യവും ഉണ്ടാക്കിയിരിക്കുകയാണ്.
വില നിയന്ത്രണം എടുത്തുമാറ്റുമ്പോള്‍ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു വാദം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ അതിനു ആനുപാതികമായ നേട്ടം ഇവിടെ ലഭ്യമാകും എന്നായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ എക്‌സൈസ് നികുതി വര്‍ധിപ്പിക്കുന്ന നയം ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുകയും, അതിന്റെ ഫലമായി അതില്‍ നിന്ന് ലഭിക്കുമെന്ന് പ്രചരിപ്പിച്ച നേട്ടം പോലും നമുക്ക് ലഭിച്ചില്ല.
കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടങ്ങിവച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് സെസ്സ്, അഡീഷണല്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്നീ പേരുകളില്‍ പുതിയ നികുതികള്‍ ഇന്ധന മേഖലയില്‍ കൊണ്ടുവന്നു. ക്രൂഡോയില്‍ വിലയില്‍ കുറവ് വന്നാല്‍ പോലും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരാത്ത രീതിയില്‍ ആണ് സെസ്സും അഡീഷണല്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരംശം പോലും ലഭിക്കാത്ത നികുതികളാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചുവെന്ന വാദം ചിലര്‍ ഉന്നയിക്കുന്നുണ്ട്. അക്കാലത്ത് 620 കോടി രൂപയുടെ നികുതിയിളവ് നല്‍കുകയും അതിന്റെ നാലിരട്ടി നികുതി വര്‍ധനയിലൂടെ പിരിച്ചെടുക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. 13 തവണ നികുതി വര്‍ധനയുണ്ടായപ്പോള്‍ 3 തവണ മാത്രം കുറച്ചതിന്റെ മേനിയാണ് ഇപ്പോള്‍ പറയുന്നത്. 2016 ല്‍ ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം പെട്രോള്‍ ഡീസല്‍ നികുതി നിരക്ക് ഇന്നേവരെ കൂട്ടിയിട്ടില്ല. മാത്രമല്ല, നിലവിലെ നിരക്കുകളില്‍ നിന്നും കുറയ്ക്കുയുമാണ് ഉണ്ടായത്. ഇതിന്റെ ഫലമായി 1500 ഓളം കോടി രൂപയുടെ നേട്ടം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് കാലത്ത് യുപി, ഗോവ, ഹരിയാന, ചത്തീസ്ഗഡ്, കര്‍ണാടക മുതലായ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ നികുതി വര്‍ദ്ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തില്‍ പെട്രോളിയത്തിന്റെ നികുതി കുറയ്ക്കണമെന്ന് പറയുന്ന കോണ്‍ഗ്രസ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഉള്ള വില പരിശോധിക്കുന്നത് നന്നാവും.
അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിര്‍ത്തലാക്കുകയും ചെയ്തിട്ട് വരുമാനത്തിനായി സാധാരണക്കാരന്റെ ചുമലില്‍ അധികഭാരം കെട്ടി വയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. കോര്‍പ്പറേറ്റ് ടാക്‌സ് ഇനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം കേന്ദ്രം ഇളവു ചെയ്തത് 1.45 ലക്ഷം കോടി രൂപയാണ്.
സാധാരണക്കാര്‍ക്ക് ആവശ്യമുള്ള ഭക്ഷ്യസബ്‌സിഡിയും എണ്ണ സബ്‌സിഡിയും നല്‍കുന്നതിന് പണമില്ലെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് കോര്‍പ്പറേറ്റുകളുടെ നികുതി ഇളവ് ചെയ്യുന്നത്. സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുകയും ഒപ്പം നികുതി ഭാരം കയറ്റിവെയ്ക്കുകയും ചെയ്തുകൊണ്ടുള്ള ഇരട്ടഭാരമാണ് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. അതിന്റെ ഉദാഹരണമാണ് കുതിച്ചുയരുന്ന ഇന്ധന വില വര്‍ധന
ഇന്നലെയും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
സിപിഎമ്മിനെതിരെ വി മുരളീധരൻ
വ്യവസായ മേഖല ഏറ്റവും വെല്ലുവിളി നേരിടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ദേശീയ പണിമുടക്ക് ദിവസം സർക്കാരിന്റെ പിന്തുണയോടെ വ്യാപാര വാണിജ്യ മേഖല സ്തംഭിപ്പിച്ചത് കേരളത്തിൽ മാത്രം ആണ്.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ആളുകൾ കേരളത്തിൽ മാത്രം ആണ് ഉള്ളതെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.
പണിമുടക്കിന്റെ മറവിലെ അക്രമം പോലിസ് കണ്ടില്ലെന്ന് നടിച്ചു. മഞ്ഞക്കല്ലിന് കാവൽ നിൽക്കുകയാണവർ. കല്ലിന് കൊടുക്കുന്ന സംരക്ഷണം പോലും വ്യാപാരികൾക്ക് കൊടുത്തില്ല. പ്രതിപക്ഷ നേതാക്കളും ഇതിനെതിരെ പ്രതികരിച്ചില്ല. പിണറായി വിജയന്റെ ബി ടീമിന്റെ ക്യാപ്റ്റനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . സഹകരണാത്മക പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
സി പി എമ്മിന്റെ പിന്തിരിപ്പൻ നയം മൂലമാണ് വിദേശത്തേക്ക് ഇത്രയധികം കുട്ടികൾക്ക് പഠിക്കാൻ പോകേണ്ടി വന്നത്. സ്വകാര്യ സ്ഥാപനങ്ങൾ വരാൻ അനുവദിച്ചില്ല. കുട്ടികളെ വഴിയാധാരമാക്കിയതിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണ്. സി പി എം പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്. സ്വകാര്യ മേഖലയെ പിന്തുണക്കുമെന്ന നയരേഖ അഞ്ച് വർഷം മുമ്പ് നടപ്പാക്കണമായിരുന്നു. ഇപ്പോൾ കിട്ടുന്ന കമ്മീഷനാണോ നയം മാറ്റത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam