സെപ്തംബർ മധ്യത്തോടെ കേരളത്തിൽ കൊവിഡ് വ്യാപനം കുറയും; പ്രതീക്ഷ പങ്കുവെച്ച് വിദഗ്ധസമിതി അധ്യക്ഷൻ

By Web TeamFirst Published Aug 6, 2020, 6:46 AM IST
Highlights

വരുന്ന ആഴ്ച്ചകൾ അതീവനിർണായകം. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച്ചക്കകം നിയന്ത്രിക്കണമെന്ന കർശന നിർദേശവുമായി പൊലീസിന് ചുമതലയേൽപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. 

തിരുവനന്തപുരം: നിയന്ത്രണങ്ങൾ പിഴവില്ലാതെ തുടർന്നാൽ സെപ്തംബർ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷൻ ഡോക്ടർ ബി ഇക്ബാൽ. സർക്കാർ നടപടികളും കേരളത്തിലെ വ്യാപന പ്രവണതയും വിലയിരുത്തിയാണ് ഡോ ബി ഇക്ബാലിന്റെ കുറിപ്പ്. എന്നാൽ ആരോഗ്യമേഖലയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്. അതേസമയം, ഈ മാസം അവസാനത്തോടെ കേസുകൾ പാരമ്യത്തിലെത്തുന്നത് മുന്നിൽക്കണ്ട് നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് സർക്കാർ.

ഇപ്പോഴും നിയന്ത്രണത്തിൽ തന്നെയെന്ന് സർക്കാർ വിലയിരുത്തുന്ന സംസ്ഥാനത്തെ കൊവിഡ് വ്യാപന പ്രവണത വിലയിരുത്തിയാണ്, സെപ്തംബർ മധ്യത്തോടെ വ്യാപനനിരക്ക് കുറഞ്ഞു തുടങ്ങാമെന്ന വിലയിരുത്തൽ ഡോ. ബി ഇക്ബാൽ പങ്കുവെക്കുന്നത്. സർക്കാരാകട്ടെ പൊലീസിന് കൂടുതൽ ചുമതല നൽകി നടപടികൾ ശക്തമാക്കിയിരിക്കുകയുമാണ്. അതേസമയം കർശന ക്വാറന്റീൻ, പ്രായമായവരെയടക്കം സംരക്ഷിക്കുന്ന റിവേഴ്സ് ക്വാറന്റീൻ ശക്തമായി നടപ്പാക്കണം. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും വിദഗ്ദ ചികിത്സയ്ക്ക് കൊവിഡ് ആശുപത്രികളും സജ്ജം. ഒരുമിച്ചുള്ള കോവിഡ് പ്രതിരോധത്തോടൊപ്പം ഡിസംബറോടെ വാക്സിനും പ്രതീക്ഷിക്കാം. ഇതാണ് വിദഗ്ദ സമിതിയംഗം ഡോ ബി ഇക്ബാൽ പങ്കുവെക്കുന്ന കുറിപ്പിന്‍റെ ചുരുക്കം. 

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറച്ച്, പിടിച്ചു നിർത്താനാവുന്നു എന്നതിലാണ് സർക്കാര്‍ പ്രതീക്ഷ വെക്കുന്നത്. നേരത്തെ വിവിധ സമിതികൾ നൽകിയ മുന്നറിയിപ്പുകളനുസരിച്ചാണ് ഇതുവരെയുള്ള വ്യാപന വർധനവ്. അതേസമയം കുറഞ്ഞു തുടങ്ങുന്നതിന് മുന്നോടിയായി കേസുകൾ കുത്തനെ കൂടാൻ പോവുന്ന ഘട്ടമാണ് വരാനിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ആഗസ്ത് അവസാനത്തോടെ പ്രതിദിനം പതിനെട്ടായിരം കേസുകൾ വരെയാകാമെന്ന മുന്നറിയിപ്പുകൾ സർക്കാരിന് മുന്നിലുമുണ്ട്. വരുന്ന ആഴ്ച്ചകൾ അതിവനിർണായകം. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച്ചക്കകം നിയന്ത്രിക്കണമെന്ന കർശന നിർദേശവുമായി പൊലീസിന് ചുമതലയേൽപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. സൈബർ സംവിധാനമടക്കം കുറ്റാന്വേഷണ സംവിധാനങ്ങൾ വരെ ഉപയോഗിച്ചാകും പൊലീസ് സമ്പർക്ക പട്ടികയടക്കം തയാറാക്കുക. 

സെപ്തംബർ പകുതിയോടെ വ്യാപനം കുറയാമെന്ന വിലയിരുത്തലിൽ അമിതപ്രതീക്ഷ വേണ്ടെന്ന ഭിന്നാഭിപ്രായവും ശക്തമാണ്. നിയന്ത്രിത മേഖലകൾക്ക് പുറത്ത് നടക്കുന്ന വ്യാപനം കണക്കുകൂട്ടലുകളെ തകിടം മറിക്കാം. നിയന്ത്രിത മേഖലകളെ അടച്ചിട്ട് വ്യാപനം നിയന്ത്രിക്കുമ്പോൾ, ഇവ തുറക്കുന്നതോടെ വ്യാപനം പഴയ പടിയാകാമെന്നും മുന്നറിയിപ്പ്. അതേസമയം രോഗം കണ്ടു പിടിക്കാൻ പര്യാപ്തമായ പരിശോധനകൾ ഇപ്പോഴും കേരളം നടത്തുന്നില്ലെന്ന വിമർശനവും ആരോഗ്യമേഖലയിലുള്ളഴർക്കിടയിൽ നിലനിൽക്കുകയാണ്.

click me!