
തൃശൂർ: ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന കെ ബി ഗണേഷ് കുമാറിന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ. ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ എന്ന് അറിയില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. കൂടുതൽ വിവാദത്തിന് ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് പറഞ്ഞത് നാക്കു പിഴ ആയിരിക്കാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ബാലകൃഷ്ണപിള്ള സാറിന്റെ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്നു. അദ്ദേഹത്തിന് വയ്യാത്ത സമയത്ത് തന്റെ അമ്മ പ്രാർത്ഥിക്കുമായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഗണേഷിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷ ആസ്ഥാനത്തായോ എന്ന് മാത്രമേ ചോദിച്ചോള്ളൂവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു.
ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയിൽ ഗണേഷിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ. മണ്‍മറഞ്ഞ ഉമ്മന്‍ചാണ്ടിയെ പോലും ലക്ഷ്യം വെക്കുന്നത് നോക്കിയിരിക്കാനാവില്ലെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. പ്രസ്താവന പിൻവലിച്ച് ഗണേഷ് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഗണേഷിന്‍റെ ഭാഷ ഭീഷണിയുടേതാണെന്നും സോളാർ കമ്മീഷന് മുന്നിൽ ഹാജരാക്കിയ സരിതയുടെ കത്തിൽ 4 പേജ് കൂട്ടിചേർത്ത ഗൂഢാലോചന ആരുടേതാണെന്ന് എല്ലാവർക്കുമറിയാമെന്നും കെ സി ജോസഫ് പ്രതികരിച്ചു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ ചൂടൻ ചർച്ചയക്ക് വിഷയമായ സോളാർ, ചാണ്ടി ഉമ്മന്‍റെ പത്തനാപുരം പ്രസംഗത്തോടെ വീണ്ടും സജീവമാകുകയാണ്. ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഗണേഷ് എന്നായിരുന്നു ചാണ്ടിയുടെ ആരോപണം. പറഞ്ഞ കാര്യത്തിൽ ചാണ്ടി ഉമ്മൻ ഉറച്ച് നിൽക്കുകയും ഗണേശ് ഉമ്മൻ ചാണ്ടിയ്ക്കെതിരെ വിമർശനം തുടരുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാക്കൾ ഇടപെടുന്നത്. ഉമ്മൻ ചാണ്ടി ആരുടെയും കുടുംബം തകത്തില്ലെന്നും ഗണേഷിന്‍റെ കുടുംബ പ്രശ്നം തീർക്കാനാണ് ഉമ്മൻചാണ്ടി ഇടപെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓലപ്പാമ്പ് കാണിച്ച് ഗണേഷ് പേടിപ്പിക്കണ്ടെന്നും സരിത സോളാർ കമ്മീഷന് മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജ് കൂട്ടിയ ഗൂഢാലോചനയക്ക് പിറകിൽ ആരാണെന്ന് എല്ലാവർക്കുമറിയാമെന്ന് കെ സി ജോസഫ് തുറന്നടിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam