Rain Alert: 4 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 9 ഇടത്ത് ഓറഞ്ച്; ശ്രീകാര്യത്ത് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു

By Web TeamFirst Published Sep 6, 2022, 1:36 PM IST
Highlights

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണ്. ഈ മൂന്ന് ജില്ലകൾക്ക് പുറമേ, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. 3 ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിരുവോണ ദിവസം ഓറഞ്ച് അലർ‍ട്ടുണ്ട്. 

മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്
അതേസമയം സംസ്ഥാനത്ത് പലയിടങ്ങളിലും കാറ്റും മഴയും തുടരുകയാണ്. തിരുവനന്തപുരം ശ്രീകാര്യത്ത് തെങ്ങ് മറിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ചെറുവയ്ക്കൽ, ശേഖരൻ നായർ ലൈനിൽ ജലജാ ഭവനിൽ ജലജ കുമാരി (61) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ വീടിനു സമീപത്തെ തെങ്ങ് കടപുഴകി ജലജ കുമാരിയുടെ ദേഹത്ത് വീഴുകയായിരുന്നു. തൃശ്ശൂരിൽ കനത്ത മഴയിൽ സെന്റ് തോമസ് കോളജിന്റെ മതിൽ ഇടിഞ്ഞു വീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും തകരാർ പറ്റി. ആർക്കും പരിക്കില്ല.

ആലപ്പുഴ ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. ജില്ലയിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ പലയിടങ്ങളിലും തുടരുകയാണ്. നദികളിലെ ജല നിരപ്പ് മുന്നറിയിപ്പ് നിരക്കിന് മുകളിലാണ്. ശക്തമായ കാറ്റിലും മഴയിലും 17 വീടുകള്‍  ഭാഗികമായി തകര്‍ന്നു. മരങ്ങൾ വീണാണ് വീടുകൾ നശിച്ചത്. ചെങ്ങന്നൂര്‍ താലൂക്കിൽ  നാലും, കാര്‍ത്തികപ്പള്ളി താലൂക്കിൽ രണ്ടും, മാവേലിക്കര താലൂക്കിൽ എട്ടും, കുട്ടനാട് താലൂക്കിൽ മൂന്നും വീടുകളാണ് തകർന്നത്.

click me!