എസ്ആര്‍ഐടിക്ക് കെ ഫോണില്‍ വഴിവിട്ട സഹായം, ടെണ്ടര്‍വ്യവസ്ഥകളില്‍ അനുകൂല മാറ്റംവരുത്തി

By Web TeamFirst Published Jun 2, 2023, 9:05 AM IST
Highlights

ഹാർഡ് വെയർ സോഫ്റ്റ് വെയർ സേവനങ്ങൾ ലഭ്യമാക്കാനുള്ള സര്‍വ്വീസ് പ്രൊവൈഡർ ആകണമെങ്കിൽ എസ്ആർഐടിയുടെ സോഫ്ട് വെയർ ഉപയോഗിക്കണമെന്നാണ് കെ ഫോണിന്‍റെ  പുതിയ ടെണ്ടര്‍ മാനദണ്ഡം.  

തിരുവനന്തപുരം:എസ്ആർഐടിക്ക് അനുകൂലമായി ടെണ്ടർ വ്യവസ്ഥകളിൽ മാറ്റം വരുത്തി കെഫോൺ. ഹാർഡ് വെയർ സോഫ്റ്റ് വെയർ സേവനങ്ങൾ ലഭ്യമാക്കാനുള്ള സര്‍വ്വീസ് പ്രൊവൈഡർ ആകണമെങ്കിൽ എസ്ആർഐടിയുടെ സോഫ്ട് വെയർ ഉപയോഗിക്കണമെന്നാണ് കെ ഫോണിൻറെ പുതിയ ടെണ്ടര്‍ മാനദണ്ഡം.   ഇത് മൂന്നാം തവണയാണ് ഐഎസ്പിയെ കണ്ടെത്താൻ കെ ഫോൺ ടെണ്ടര്‍ വിളിക്കുന്നത്.

കൺസോര്‍ഷ്യം പങ്കാളിയായ എസ്ആര്‍ഐടിക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെന്നിരിക്കെ രണ്ട് തവണയാണ് ഹാര്‍ഡ് വെയര്‍ സോഫ്ട്വെയര്‍ പങ്കാളിയെ കണ്ടെത്താനുള്ള ടെണ്ടര്‍ നടപടികൾ കെ ഫോൺ വേണ്ടെന്ന് വച്ചത്. ആദ്യ ടെണ്ടര് തുറക്കും മുന്നേ റദ്ദാക്കി. രണ്ടാമത് വിളിച്ച ടെണ്ടറിൽ റെയിൽടെൽ കോര്‍പറേഷനും അക്ഷര എന്റര്‍ പ്രൈസസും സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയും പങ്കെടുത്തു. ഇതിൽ റെയിൽ ടെലിന്‍റെ  കേരളത്തിലെ എംഎസ്പിയെന്ന നിലയിലായിരുന്നു എസ്ആര്‍ഐടിയുടെ പങ്കാളിത്തം.  അസോസിയേറ്റ് പാര്ട്നര്‍ എന്നനിലയിൽ അക്ഷര എന്റര്‍ പ്രൈസസിലും എസ്ആര്‍ഐടിക്ക് അദൃശ്യ സാന്നിധ്യം. എല്ലാം മറികടന്ന് സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ടെണ്ടര്‍ കിട്ടിയതോടെ പക്ഷെ കഥ മാറി. ആക്ഷേപം ഉണ്ടെന്ന പേരിൽ ഐടി സെക്രട്ടറി വരെ നേരിട്ട് ഇടപടെട്ടാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ടെണ്ടര്‍ റദ്ദാക്കിയത്. ഇതിൽ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് പുതിയ ടെണ്ടര്‍ നടപടികൾ കെ ഫോൺ തുടങ്ങിയത്.

എസ്ആര്‍ഐടിയുടെ സോഫ്ട്വെയര്‍ ആയ ആര്‍ കൺവേര്‍ജ് ഉപയോഗിക്കുന്നവരെ മാത്രമെ ഇത്തവണ കെ ഫോൺ പരിഗണിക്കുന്നുള്ളു, എസ്ആര്‍ഐടിയുടെ പേര് പറഞ്ഞ് ടെണ്ടര്‍ രേഖയിൽ തന്നെ കെ ഫോൺ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ആര്‍ കൺവേര്‍ജിന് തുല്യമായ സോഫ്ട്വെയര്‍ ഉപയോഗിക്കാമെന്ന വ്യവസ്ഥയിലായിരുന്നു കഴിഞ്ഞ തവണ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ടെണ്ടര്‍ കിട്ടിയത്. ഈ പഴുത് മറികടക്കാനാണ് എസ്ആര്‍ഐടിയുടെ സോഫ്ട്വെയര്‍ എന്ന് ടെണ്ടറിൽ വ്യക്തമായി എഴുതിയതെന്നാണ് ആക്ഷേപം.  നിലവിൽ അറുപതിനായിരം കണകക്ഷനുളള സാങ്കേതിക സൗകര്യങ്ങൾ രണ്ടര ലക്ഷമാക്കി ഉയര്‍ത്താനാണ് കെ ഫോൺ പുതിയ പങ്കാളിയുടെ സഹായം തേടുന്നത്. ഐടി സെക്രട്ടറി അടക്കം ഉന്നത തല സമിതി തയ്യാറാക്കിയ മാനദണ്ഡമനുസരിച്ചാണ് കെ ഫോൺ ഐഎസ്പി ടെണ്ടര്‍ വിളിച്ചത്. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂൺ രണ്ടാം വാരം . റോഡ് ക്യാമറാ പദ്ധതിയിലെ എസ്ആർഐടി സാന്നിധ്യം വൻവിവാദമായിരിക്കെയാണ് കെ ഫോണിലെയും  കൈ അയയച്ചുള്ള നീക്കം.

click me!