യുഎപിഎ കരിനിയമം തന്നെയെന്ന് സിപിഎം പിബി; ഉചിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 17, 2019, 4:54 PM IST
Highlights

യുഎപിഎ കരിനിയമം ആണെന്ന നിലപാടിൽ മാറ്റമില്ലെന്ന് പി ബി വ്യക്തമാക്കി. ശബരിമലയിൽ ലിംഗസമത്വം വേണമെന്ന പാർട്ടി നിലപാടിലും മാറ്റമില്ല. 

ദില്ലി: വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ വിശദീകരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോയില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസാണ് വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയത്. വിഷയം നിയമപരമായി സർക്കാരിന് മുന്നിലെത്തുമ്പോൾ ഉചിതമായി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദികരണത്തിൽ ചില അംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു. ജനുവരിയിൽ കേരളത്തിൽ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം വിശദമായി ചർച്ച ചെയ്യും. യുഎപിഎ കരിനിയമം ആണെന്ന നിലപാടിൽ മാറ്റമില്ലെന്ന് പി ബി വ്യക്തമാക്കി. ശബരിമലയിൽ ലിംഗസമത്വം വേണമെന്ന പാർട്ടി നിലപാടിലും മാറ്റമില്ല. 

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ദേശീയനേതൃത്വം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്നും യുഎപിഎയിലെ നിലപാട്  നേരത്തെ വ്യക്തമാക്കിയിട്ട് ഉള്ളതാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയും പൊലീസ് കസ്റ്റഡിയിലാണ്. 

അതേസമയം ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയിൽ സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തി പ്രകടമാക്കി. കടകംപള്ളി സുരേന്ദ്രന്‍റെ നിലപാട് തള്ളിയ പോളിറ്റ് ബ്യൂറോ പ്രസ്താവന അനാവശ്യമായിരുന്നെന്ന് വിലയിരുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടികൾ തന്നെ ആക്റ്റിവിസ്റ്റുകളുടേത് ആണ്. ശബരിമല യുവതീ പ്രവേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാര്‍ട്ടി നയമെന്നും ദില്ലിയിൽ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം ധാരണയിലെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന നയം ശബരിമലയിൽ തുടരണം. ആരെയും ബലംപ്രയോഗിച്ച് ശബരിമല കയറ്റില്ലെന്നും പിബി നിലപാടെടുത്തു. 

click me!