അതിര്‍ത്തി മണ്ണിട്ട് മൂടി കര്‍ണാടക; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

Published : Mar 27, 2020, 07:15 PM ISTUpdated : Mar 27, 2020, 09:18 PM IST
അതിര്‍ത്തി മണ്ണിട്ട് മൂടി കര്‍ണാടക; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

Synopsis

കാസര്‍കോടിന്‍റെ വടക്കന്‍ഭാഗത്തുള്ളവര്‍ക്ക് ആശുപത്രി ആവശ്യങ്ങള്‍ക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുന്നത് കര്‍ണാടകത്തിലെ മംഗലാപുരത്താണ്. മംഗലാപുരത്ത് നിന്ന് ദിനംപ്രതി ഡയാലിസസ് നടത്തി തിരിച്ച് വരുന്നവരുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ആര്‍ക്കും അങ്ങോട്ട് പോകാനാകുന്നില്ല

തിരുവനന്തപുരം: മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്ത് 39 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.  കാസര്‍കോട് ആണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 34 പേരും കാസര്‍കോട് നിന്നുള്ളവരാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ണാടകം മണ്ണിട്ട് ഗതാഗതം തടയുന്നത് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് പ്രതിസന്ധി ആവുകയാണ്. കാസര്‍കോടുള്ളവര്‍ ഏറ്റവും കൂടുതല്‍ ആശുപത്രികാര്യങ്ങള്‍ക്ക് സമീപിക്കുന്നത് കര്‍ണാടകത്തെയാണ്.

കാസര്‍കോടിന്‍റെ വടക്കന്‍ഭാഗത്തുള്ളവര്‍ക്ക് ആശുപത്രി ആവശ്യങ്ങള്‍ക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുന്നത് കര്‍ണാടകത്തിലെ മംഗലാപുരത്താണ്. മംഗലാപുരത്ത് നിന്ന് ദിനംപ്രതി ഡയാലിസസ് നടത്തി തിരിച്ച് വരുന്നവരുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ആര്‍ക്കും അങ്ങോട്ട് പോകാനാകുന്നില്ല. രോഗികളായാല്‍ പോലും അങ്ങോട്ട് പോകാന്‍ പറ്റത്ത സ്ഥിതിയാണ് കര്‍ണാടക സ്വീകരിക്കുന്നത്. ആകെ ഒരു കേന്ദ്രത്തില്‍ മാത്രമാണ് ഡയാലിസിസ് സൗകര്യമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശത്തിന് വിരുദ്ധമായി വിവിധ അതിര്‍ത്തികളില്‍ മണ്ണുകൊണ്ടിട്ട് ഗതാഗതം തടയുന്ന സമീപനമാണ് കര്‍ണ്ണാടക സര്‍ക്കാരിന്‍റേത്. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അതത് സ്ഥലത്തുള്ളവര്‍ അവിടെത്തന്നെ കഴിയട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. അത് ഇന്നത്തെ അവസ്ഥയില്‍ പ്രായോഗികമാണ്. എന്നാല്‍ മണ്ണിട്ട് തടഞ്ഞാല്‍ ഒരു അടിയന്തരസാഹചര്യം വന്നാല്‍ എങ്ങിനെ നേരിടും, രണ്ട് സര്‍ക്കാരുകള്‍ക്കും യോജിപ്പ് വരുന്ന കാര്യം എങ്ങനെ പ്രാവര്‍ത്തികമാക്കാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

കൂര്‍ഗിലേക്ക് പോകാനുള്ള വഴി പൂര്‍ണ്ണമായും കര്‍ണാടക സര്‍ക്കാര്‍ അടച്ചിരിക്കുകയാണ്. കാസര്‍കോടും കൂട്ടുപുഴയില്‍  കേരളാ അതിര്‍ത്തിയിലേക്ക് കടന്നുകൊണ്ടും മണ്ണിട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് കര്‍ണ്ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. മണ്ണ് മാറ്റാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അടിയന്തരമായി മണ്ണ് നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഉണ്ടായ സംഭവങ്ങള്‍ പ്രധാനമന്ത്രിയുടെ  ശ്രദ്ധയില്‍പ്പെടുത്തും. 

PREV
click me!

Recommended Stories

വിധി നീതി നിഷേധം, മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും കെ അജിത; 'മേൽക്കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്'
'സംസാരിക്കുന്നത് അതിജീവിതയുടെ വീട്ടിൽ ഇരുന്ന്, അമ്മ ഈ വിധി ആഘോഷിക്കും, മരണം വരെ അവൾക്ക് ഒപ്പം'; പ്രതികരിച്ച് ഭാഗ്യ ലക്ഷ്മി