ഖാസി കേസ്: ജനകീയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഈ മാസം 13 ന് പുറത്തുവിടും

By Web TeamFirst Published Jan 8, 2021, 6:04 PM IST
Highlights

അഡ്വ.പി എ പൗരന് പുറമെ അഡ്വ. രാജേന്ദ്രൻ, അഡ്വ. എൽസി ജോർജ് എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ

കോഴിക്കോട്: സമസ്തയുടെ സീനിയർ നേതാവും ചെമ്പരിക്ക - മംഗലാപുരം ഖാസിയുമായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അഡ്വ പിഎ പൗരൻ ജനകീയ അന്വേഷണ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് ഈ മാസം 13 ന് പുറത്തുവിടും. ജനകീയ ആക്ഷൻ കമ്മിറ്റിയും ഖാസി കുടുംബവും നിയമിച്ച അഡ്വ.പി.എ പൗരന്റെ നേതൃത്വത്തിലുള്ള ജനകീയ അന്വേഷണ കമീഷൻ തങ്ങളുടെ റിപ്പോർട്ടിന് അന്തിമരൂപം നൽകിയതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ഖാസി കുടുംബവും അറിയിച്ചു. ഈ മാസം 13ന് കോഴിക്കോട് പ്രസ് ക്ലബിൽ വെച്ച് റിപ്പോർട്ട് പുറത്തുവിടാനാണ് തീരുമാനം.

2019 മാർച്ച് 12ന് തുടക്കം കുറിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇതിനകം 18 സിറ്റിങ്ങുകൾ നടത്തി. 56 പേരിൽ നിന്ന് മൊഴിയെടുത്തു. കൂടാതെ ഫോറൻസിക് വിദഗ്ധരായ ഡോ.ഷേർലി വാസു (കോഴിക്കോട്), ഡോ.എം.ആർ.ചന്ദ്രൻ (തൃശൂർ) തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. സമസ്തയടക്കമുള്ള വിവിധ സംഘടനാ നേതാക്കൾ, സ്ഥാപന ഭാരവാഹികൾ, നാട്ടുകാർ, ബന്ധുക്കൾ, മുൻ അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരെ നേരിൽ കണ്ടു വിഷയം ചർച്ച ചെയ്തു.

2010 ഫെബ്രുവരി 15ന് രാവിലെയാണ് സംഭവം നടന്നത്. ഉത്തര മലബാറിലെ മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന, സർവർക്കിടയിലും സമാദരണീയനായിരുന്ന ഖാസിയുടെ മൃതദേഹം രാവിലെ ചെമ്പരിക്ക കടുക്കക്കല്ലിന് സമീപം കടലിൽ പൊങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പല അന്വേഷണ ഏജൻസികളും മാറി മാറി അന്വേഷിച്ചുവെങ്കിലും കേസിൽ വ്യക്തതയുണ്ടായില്ല. ഏറ്റവും ഒടുവിൽ അന്വേഷിച്ച സിബിഐയുടെ റിപ്പോർട്ട് എറണാകുളം സി ജെ എം കോടതിയുടെ പരിഗണനയിലാണ്. അപകടമരണമെന്ന നിഗമനത്തിലാണ് സിബിഐ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ വാദത്തിനെതിരെ ഖാസിയുടെ മകൻ ശാഫിയും നാട്ടുകാരനായ അബ്ദുൽ മജീദും നൽകിയ ഹരജികൾ കോടതി 22 ന് വാദം കേൾക്കും. 

അഡ്വ.പി എ പൗരന് പുറമെ അഡ്വ. രാജേന്ദ്രൻ, അഡ്വ. എൽസി ജോർജ് എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ. കമ്മീഷൻ പുറത്ത് വിടുന്ന നിഗമനങ്ങൾ ഖാസി കേസിൽ നിർണായക വഴിത്തിരിവ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ ഡോ.സുരേന്ദ്രനാഥും ഖാസി കുടുംബത്തിലെ മുതിർന്ന അംഗമായ ത്വാഖാ അഹ്മദ് അൽ അസ്ഹരിയും അറിയിച്ചു.

click me!