
പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ സാംസ്‌കാരിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണു പത്തനംതിട്ടയിൽ നടന്നത്. ഒരു സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഈ കേസിൽ അറുപതില്‍പരം പ്രതികള്‍ ഉണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. അതിന് അവസരമുണ്ടാകാത്ത രീതിയില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം. സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്ന സംഭവമായിട്ടും സർക്കാർ ഉണർന്നു പ്രവർത്തിക്കാത്തത് നിരാശാജനകമാണ്. നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടിക്കും ഭാവിയിൽ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു മാതൃകാപരമായി ശിക്ഷ ഉറപ്പാക്കണം. എത്ര ഉന്നതനായാലും ഒരു പ്രതി പോലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഏത് രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരായാലും അവരെയൊന്നും രക്ഷപ്പെടുത്താന്‍ ആരും കൂട്ടു നില്‍ക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനായി സ്‌കൂളുകളില്‍ ബോധവല്‍കരണം നടത്തണം. കൗണ്‍സിലര്‍മാരുടെയും ചൈല്‍ഡ് ഹെല്‍പ് ലൈന്റെയും സേവനം കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. മാതാപിതാക്കള്‍ കുട്ടികളുമായി തുറന്ന സംഭാഷണം നടത്താനുള്ള അവസരം എല്ലായ്‌പോഴും ഉണ്ടാകണം. കുട്ടികള്‍ക്കു മാത്രമല്ല, മാതാപിതാക്കള്‍ക്കും കൂടി നല്‍കുന്ന ബോധവല്‍കരണം ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ വളരെ അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നവ വരനടക്കം 20 പ്രതികൾ പിടിയിൽ
അതേസമയം പത്തനംതിട്ട പീഡന കേസിൽ 20 പേർ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പൊലീസ് ഇപ്പോൾ റാന്നിയിൽ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. നവവരനടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു. അടുത്തദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട ഒരു യുവാവടക്കം മൊത്തം 20 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയതെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam