സംസ്ഥാനത്തിന്‍റെ കാവൽക്കാരൻ പെരും കള്ളനെന്ന് ചെന്നിത്തല

By Web TeamFirst Published Apr 12, 2019, 1:53 PM IST
Highlights

നരേന്ദ്ര മോദിയുടെ സാമ്പത്തിക നയമാണ് പിണറായി പിന്തുടരുന്നത് എന്ന് ആരോപിച്ച രമേശ് ചെന്നിത്തല 'കാവൽക്കാരൻ കള്ളനാണ്' എന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും തിരിച്ചുവിടുകയാണ്. മസാല ബോണ്ട് ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തൃശ്ശൂർ: കിഫ്ബി മസാല ബോണ്ടിൽ സംസ്ഥാന സർക്കാരിന് എതിരായ ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. മസാല ബോണ്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള വഴിയാണെന്നും പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് സർക്കാർ മറുപടി പറയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തിന്‍റെ കാവൽക്കാരൻ പെരും കള്ളനാണ്. സിഡിപിക്യു കമ്പനിക്ക് ലാവലിൻ കമ്പനിയുമായി അഭേദ്യബന്ധമുണ്ടെന്നും ഈ കമ്പനിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വഴിവിട്ട സഹായം ചെയ്തുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മസാല ബോണ്ട് ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിഡിപിക്യു മസാല ബോണ്ട് നേരിട്ട് വാങ്ങിയെന്ന ധനമന്ത്രിയുടെ വാദം തെറ്റാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പൊതു വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്ത ബോണ്ട് കാനഡയിലെ കമ്പനി എങ്ങനെ വാങ്ങി എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. ലാവലിൻ ഒരു പറ്റിപ്പു കമ്പനിയാണ്. ഈ ഇടപാട് മന്ത്രസഭയും എൽഡിഎഫും അറിഞ്ഞാണോ നടത്തിയെതെന്നും ചെന്നിത്തല ചോദിക്കുന്നു. ബോണ്ട് വിൽപ്പനയ്ക്ക് ഇടനിലക്കാർ ഉണ്ടായിരുന്നുവെന്നും ഇതിന് തെളിവുണ്ടെന്നും ചെന്നിത്തല അവകാശപ്പെട്ടു.

ബോണ്ട് രേഖകൾ പരിശോധിക്കാൻ പ്രതിപക്ഷത്തിന് നൽകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും ചെന്നിത്തല അറിയിച്ചു. രേഖകൾ പരിശോധിക്കാനായി അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ, എം കെ മുനീർ, വി ഡി സതീശൻ എന്നീ എംഎൽഎമാരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. നരേന്ദ്ര മോദിയുടെ സാമ്പത്തിക നയമാണ് പിണറായി പിന്തുടരുന്നത് എന്ന് ആരോപിച്ച രമേശ് ചെന്നിത്തല  'കാവൽക്കാരൻ കള്ളനാണ്'  എന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും തിരിച്ചുവിടുകയാണ്.

click me!