
തിരുവനന്തപുരം: സിപിഎം നേതൃത്വവുമായി അകന്നു നിൽക്കുകയും സ്വതന്ത്രരാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയും ചെയ്ത ചെറിയാൻ ഫിലിപ്പ് (cherian philip) കോണ്ഗ്രസ് നേതാക്കൾക്കൊപ്പം വേദി പങ്കിട്ടു. കേരള സഹൃദയ വേദിയുടെ പുരസ്കാരം ചെറിയാൻ ഫിലിപ്പ് സ്വീകരിക്കുന്ന ചടങ്ങാണ് ചെറിയാൻ്റെ രാഷ്ട്രീയ വഴിമാറ്റം കൂടി സാക്ഷ്യപ്പെടുത്തിയത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് (oomen chandy) പുരസ്കാരം ചെറിയാൻ ഫിലിപ്പിന് സമ്മാനിച്ചത്. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും (panniyan raveendran) തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയും വേദിയിലുണ്ടായിരുന്നു.
20 വർഷത്തിനു ശേഷം ഞങ്ങൾ സമാന ചിന്താഗതിക്കാരായി ഒരു വേദിയിൽ എത്തുകയാണ്. രാഷ്ട്രീയത്തിൽ ഒന്നും ശാശ്വതമല്ല. 2001-ൽ ഞാനുമായി മത്സരിക്കാനുള്ള സാഹചര്യം ചെറിയാൻ ഫിലിപ്പിനുണ്ടായി. അതോടെ തനിക്കും ചെറിയാനുമായി ഉള്ള സൗഹൃദം ഇല്ലാതായെന്ന് എല്ലാവരും വിചാരിച്ചത്. എനിക്ക് ചെറിയാനോട് ദേഷ്യമില്ല. എൻ്റെ ഭാഗത്ത് നിന്നും എന്തോ ഒരു തെറ്റുണ്ടായെന്ന തോന്നല്ലാണ് വന്നത്. ചെറിയാന് ജയിച്ചു വരാൻ പറ്റിയ ഒരു സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല. അതു തൻ്റെഭാഗത്ത് നിന്നുണ്ടായ തെറ്റാണ്. രാഷ്ട്രീയ രംഗത്തെ ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കാനാണ് ആണ് ആ സംഭവത്തെ കണ്ടത്. വ്യത്യസ്ത ആശയങ്ങൾ വെച്ച് മത്സരിക്കുമ്പോൾ ജനാധിപത്യ വിരുദ്ധമായി പോകാൻ പാടില്ല. അന്നത്തെ മത്സരം നല്ല മത്സരമായിരുന്നു - ചെറിയാന് പുരസ്കാരം നൽകിയ ശേഷം ഉമ്മൻ ചാണ്ടി പറഞ്ഞു.
സ്വതന്ത്രനിലപാടുകളെടുക്കുന്ന ഒരാൾക്ക് പാർട്ടിയുടെ ചട്ടക്കൂട്ടിൽ നിൽക്കാൻ ബുദ്ധിമുട്ട് വന്നേക്കാമെന്ന് ചടങ്ങിൽ സംബന്ധിച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ആ സത്യം ചെറിയാൻ്റെ മുഖത്തു കാണാമെന്നും അദ്ദേഹം പറഞ്ഞു. മറുപടി പ്രസംഗത്തിൽ ഉമ്മൻ ചാണ്ടിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് ചെറിയാൻ ഫിലിപ്പ് വാചാലനായി.
എംഎൽഎ ഹോസ്റ്റലിലെ ഉമ്മൻചാണ്ടിയുടെ മുറിയിലായിരുന്നു എഴുപതുകളിൽ എൻ്റെ താമസം. പീഡനങ്ങളുടെയും മർദ്ദനങ്ങളുടെയും സമയത്ത് തന്നെ സഹായിച്ചത് ഉമ്മൻചാണ്ടിയാണ്. ഉമ്മൻ ചാണ്ടി തൻ്റെ രക്ഷകർത്താവാണ്. ആ രക്ഷകർത്താവ് ഇപ്പോഴും വേണം. താനൊരു എടുത്തു ചാട്ടക്കാരനാണ്. എന്നാലിപ്പോൾ എടുത്തുചാട്ടക്കാരൻ്റെ എല്ലൊടിഞ്ഞ അവസ്ഥയിലാണ്. കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടിയെന്നും ഉമ്മൻ ചാണ്ടിയുടെ രക്ഷാകർത്തൃത്വം ഇനിയും ഉണ്ടാകണമെന്നും ചെറിയാൻ ഫിലിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam