
ആലപ്പുഴ: ചേർത്തലയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണവുമായി പൊലീസ്. വിവിധ ഭാഗങ്ങളിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തിരോധാനക്കേസുകള്‍ അന്വേഷിക്കാനാണ് പൊലീസ് നീക്കം. ചേർത്തല സ്വദേശി സിന്ധുവിനെ കാണാതായ കേസിലും പൊലീസ് വിവരങ്ങള്‍ തേടി. 2020ലാണ് ചേര്‍ത്തല സ്വദേശി സിന്ധുവിനെ കാണാതായത്. ഈ കേസ് അടക്കമുള്ളവയായിരിക്കും വിശദമായി അന്വേഷിക്കുക. ചേർത്തലയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കാണാതായ സ്ത്രീകളുടെ കേസുകളും വീണ്ടും പരിശോധിക്കും
16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ ആണ് പരിശോധിക്കുക. അതേസമയം, അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടിലും പരിസരത്തും വീണ്ടും പരിശോധന നടത്തും. ആലപ്പുഴ ക്രൈംബ്രാഞ്ചും അടുത്ത ദിവസം പരിശോധന നടത്തും.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ നേരത്തെ പള്ളിപ്പുറം സ്വദേശി സിഎം സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭൻ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പിൽ നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തിയത്. ചേര്‍ത്തലയിൽ നടന്നത് കൊലപാതക പരമ്പരയാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് നടന്ന കൊലപാതകപരമ്പരയാണോയെന്നതടക്കം കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളു.
ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്‍റേത് തന്നെയെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സ്ഥിരീകരിച്ചത്. കത്തിയനിലയിൽ ആയിരുന്നു അസ്ഥികൾ കണ്ടെടുത്തത്. അതേസമയം, മരിച്ചത് കാണാതായ ജൈനമ്മയാണെന്നായിരുന്നു പൊലീസ് നേരത്തെ വിലയിരുത്തിയത്. എന്നാൽ ഇക്കാര്യമടക്കം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇതിനായി ഡിഎൻഎ പരിശോധനയടക്കം നടത്തേണ്ടതുണ്ട്. ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദുപത്മനാഭൻ (47), കോട്ടയം ഏറ്റുമാന്നൂർ സ്വദേശിനി ജയ്നമ്മ എന്നിവരെ കാണാതായ സംഭവങ്ങളിൽ സെബാസ്റ്റ്യൻ പങ്ക് ക്രൈംബ്രാഞ്ച് അന്വഷിക്കുന്നതിനിടെയാണ് വീട്ട് വളപ്പിൽ പരിശോധന നടത്തിയത്. ലഭിച്ച അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയപരിശോധനകൾ നടത്തിയാൽ മാത്രമേ ഇതു കാണാതായ സ്ത്രീകളിലാരുടെയെങ്കിലുമാണേയെന്ന് തിരിച്ചറിയാനാകുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധനക്കേസിലും ജയ്നമ്മ തിരോധാനക്കേസിലും ആരോപണ വിധേയനാണ് സെബാസ്റ്റ്യൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam