
തൃശൂർ: വാടാനപ്പള്ളി ചേറ്റുവ പാലത്തിൽ കുന്ന് കൂടി കിടക്കുന്ന മണൽ ഇരുചക്ര വാഹന യാത്രക്കാർക്ക് ഉൾപ്പെടെ ഭീഷണിയാവുന്നു. ചേറ്റുവ പുഴയിൽ നിന്ന് ഡ്രജ്ജ് ചെയ്ത് എടുത്ത മണൽ കൊണ്ടുപോകുമ്പോൾ വലിയ ലോറിയിൽ നിന്ന് മണൽ ചോർന്നൊലിച്ചു പാലത്തിലെ ഇരു വശങ്ങളിലുമായി കൂടിക്കിടക്കുകയാണ്. ഇത് വാഹന യാത്രക്കാർക്ക് ദുരിതവും ഒപ്പം ഭീഷണിയും ഉയർത്തുന്നുണ്ട്. പാലത്തിലെ കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് പോലുള്ള ചെറിയ വാഹനങ്ങൾ പെട്ടന്ന് വെട്ടിച്ചുമാറ്റുമ്പോൾ മണൽ കുന്നിൽ ടയർ വഴുതി തെന്നിവീഴുന്നതും പതിവാണ്.
കൂടാതെ പാലത്തിലെ നടപ്പാത പല ഭാഗങ്ങളിലും തകർന്ന് കിടക്കുന്നതിനാൽ കാൽനട യാത്രക്കാർ റോഡിലേക്ക് ഇറങ്ങിയാണ് നടക്കുന്നത്. ഇത് വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകും. റോഡിൽ മണൽ കൂടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ ചേറ്റുവ മുതൽ ഏങ്ങണ്ടിയൂർ ആശാൻറോഡ് വരെ രൂക്ഷമായ പൊടി ശല്യവുമുണ്ട്. വിദ്യാർത്ഥികൾ, കാൽനടയാത്രക്കാർ, സമീപപ്രദേശത്തെ താമസിക്കുന്ന വീട്ടുകാർ, പ്രദേശത്തെ ഹോട്ടൽ, ബേക്കറി, മറ്റു ചെറുകിട കച്ചവടക്കാർ ഇതു മൂലം ഏറെ ദുരിതത്തിലാണ്.
പ്രായമായവർക്കും ചെറിയ കുട്ടികൾക്കും പൊടി ശ്വസിക്കുന്നത് മൂലം ഏറെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ട്. റോഡിന്‍റെ ഇരുവശങ്ങളിലും, ചേറ്റുവ പാലത്തിലും, നടപ്പാതയിലും കുന്നുകൂടി കിടക്കുന്ന മണൽ അടിയന്തരമായി നീക്കം ചെയ്യണമെന്നും, പാലത്തിലെ നടപ്പാതയിലെ തകർന്ന് കിടക്കുന്ന സ്ലാബ് മാറ്റി സ്ഥാപിക്കണമെന്നും, പാലത്തിലെ കുഴികൾ അടച്ച് കാൽനട യാത്രക്കാരുടെയും വാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ജില്ലാ കളക്ടർക്ക് പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam