
മലപ്പുറം: കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 285 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ഹോമിയോ, ആയുര്‍വേദ ക്ലിനിക്കുകളിലും എത്തുന്നവരുടെ കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ രോഗബാധിതരുടെ എണ്ണം ഇതിന്റെ ഇരട്ടിയോളമാകുമെന്നാണ് സൂചന. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചിക്കന്‍പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്താണ്. പാലക്കാട് (185), കണ്ണൂര്‍ (143), കോഴിക്കോട് (141) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്.
സാധാരണയായി തണുപ്പുകാലത്തു നിന്ന് ചൂടിലേക്ക് മാറുമ്പോഴാണ് ചിക്കന്‍പോക്‌സ് വ്യാപനം ഉണ്ടാകാറുള്ളതെങ്കിലും ഇത്തവണ ചൂട് നേരത്തെ ആരംഭിച്ചത് രോഗവ്യാപനത്തിന് സാഹചര്യമൊരുക്കി. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാരിസെല്ല സോസ്റ്റര്‍ എന്ന വൈറസ് കാരണമുണ്ടാകുന്ന ഈ രോഗം കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുമാണ് പകരുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ കുമിളകള്‍ ഉണങ്ങുന്നത് വരെ മറ്റുള്ളവരിലേക്ക് വൈറസ് പടരാന്‍ സാധ്യതയുണ്ട്.
പനി, ക്ഷീണം, ശരീരവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തുടര്‍ന്ന് മുഖം, നെഞ്ച്, പുറം എന്നിവിടങ്ങളില്‍ തടിപ്പുകള്‍ ആരംഭിച്ച് പിന്നീട് ജലം നിറഞ്ഞ കുമിളകളായി മാറുന്നു. ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ പ്രത്യേക മുന്‍കരുതല്‍ എടുക്കണം.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും കൃത്യമായ ചികിത്സ തേടുകയും വേണം. അസുഖം പൂര്‍ണ്ണമായി മാറുന്നതിന് മുന്‍പ് കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും സമ്പര്‍ക്കം ഉണ്ടായി 72 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ എടുക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ നിർദേശിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam