എസ്ഐആർ വിരുദ്ധ സമരം തുടരുന്നതിനിടെ നിർണായക അറിയിപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 15 മുതൽ അവസരം

Published : Oct 08, 2026, 05:25 PM IST
Chief electoral Officer Kerala

Synopsis

ഒക്ടോബർ 15 മുതൽ 31 വരെ സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് നടക്കും. അപേക്ഷാ നടപടികൾ ലളിതമാക്കിയിട്ടുണ്ട്, കൂടാതെ യുവവോട്ടർമാർക്കായി 'ക്യാംപസ് ടു ബൂത്ത്' എന്ന പ്രത്യേക ക്യാമ്പയിനും സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുമായി ഒക്ടോബർ 15 മുതൽ 31 വരെ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു അറിയിച്ചു. ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്നതിനായി ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചും പ്രത്യേക ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഫെയ്‌സ്ബുക് ഹാൻ്റിൽ വഴിയടക്കമാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.

അപേക്ഷാ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി അധികമായി സമർപ്പിക്കേണ്ടിയിരുന്ന ഡിക്ലറേഷൻ ഫോം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകർ ഇനിമുതൽ സിറ്റിസൺ സർവീസ് പോർട്ടൽ അല്ലെങ്കിൽ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴി ഫോം 6 മാത്രം ഓൺലൈനായി സമർപ്പിച്ചാൽ മതിയാകും. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള 12 അംഗീകൃത രേഖകളിൽ ഏതെങ്കിലും ഒന്നാണ് ഹാജരാക്കേണ്ടത്. എന്നാൽ, തിരിച്ചറിയൽ രേഖയായി ആധാർ കാർഡാണ് നൽകുന്നതെങ്കിൽ അതിനോടൊപ്പം നൽകിയിട്ടുള്ള 11 രേഖകളിൽ മറ്റൊന്നു കൂടി അപേക്ഷകർ നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്. യുവവോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 'ക്യാംപസ് ടു ബൂത്ത്' എന്ന പേരിൽ പ്രത്യേക പ്രചാരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. നവംബർ 2 മുതൽ ഒരാഴ്ചക്കാലമാണ് ക്യാംപസുകൾ കേന്ദ്രീകരിച്ചുള്ള സ്പെഷ്യൽ ഡ്രൈവ് നടക്കുക. "Step Forward, Get Counted" (മുന്നോട്ട് വരൂ, വോട്ടർ പട്ടികയിൽ ഇടം നേടൂ) എന്ന സന്ദേശമുയർത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശിവസൂര്യയുടെ തിരോധനം; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി, അച്ഛൻ മൊഴിയെടുത്തു
കാരുണ്യ ആരോ​ഗ്യ പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ