'അവർ 50 പേർ, വിപുലമായ അധികാരങ്ങൾ, രഹസ്യസ്വഭാവ റിപ്പോർട്ടിംഗ്'; തിരഞ്ഞെടുപ്പ് നിരീക്ഷകരെ കുറിച്ച് സഞ്ജയ് കൗള്‍

Published : Apr 18, 2024, 08:23 PM IST
'അവർ 50 പേർ, വിപുലമായ അധികാരങ്ങൾ, രഹസ്യസ്വഭാവ റിപ്പോർട്ടിംഗ്'; തിരഞ്ഞെടുപ്പ് നിരീക്ഷകരെ കുറിച്ച് സഞ്ജയ് കൗള്‍

Synopsis

ഇതര സംസ്ഥാന കേഡറുകളിലുള്ള ഐഎഎസ്, ഐആര്‍എസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ഈ മൂന്ന് വിഭാഗങ്ങളിലും യഥാക്രമം പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 50 തിരഞ്ഞെടുപ്പ് നിരീക്ഷകരെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. 20 പൊതുനിരീക്ഷകരും 20 ചെലവ് നിരീക്ഷകരും 10 പൊലീസ് നിരീക്ഷകരും ആണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഒരോ ലോക്‌സഭാ മണ്ഡലത്തിനും ഒരാള്‍ വീതം പൊതു, ചെലവ് നിരീക്ഷകരും രണ്ട് മണ്ഡലങ്ങള്‍ക്ക് ഒരാള്‍ വീതം പൊലീസ് നിരീക്ഷകരുമാണുള്ളതെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.

'ഇതര സംസ്ഥാന കേഡറുകളിലുള്ള ഐഎഎസ്, ഐആര്‍എസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ഈ മൂന്ന് വിഭാഗങ്ങളിലും യഥാക്രമം പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് മൂന്ന് മുതല്‍ തുടങ്ങിയ നിരീക്ഷരുടെ പ്രവര്‍ത്തനം വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെ തുടരും. അതത് ലോക്‌സഭ മണ്ഡലങ്ങളില്‍ ഓഫീസ് തുറന്നാണ് പ്രവര്‍ത്തനം. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ഒബ്‌സര്‍വേഴ്‌സ് പോര്‍ട്ടല്‍ വഴി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ടാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. നിരീക്ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം ലഭ്യമാക്കുന്നതും രഹസ്യസ്വഭാവത്തിലുമുള്ളതുമായിരിക്കും. ജനപ്രാതിനിധ്യ നിയമത്തിലെ (1951) അനുച്ഛേദം 20 ബി പ്രകാരം നിയോഗിക്കപ്പെട്ട നിരീക്ഷകര്‍ക്ക് വിപുലമായ അധികാരങ്ങളാണുള്ളത്.' വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കാന്‍ വരെ നിരീക്ഷകര്‍ക്ക് അധികാരമുണ്ടെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു.

'തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മണ്ഡലങ്ങളില്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തലും സ്വതന്ത്ര്യവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കലുമാണ് നിരീക്ഷകരുടെ ഉത്തരവാദിത്തം. പൊതുനിരീക്ഷകര്‍ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്നും ലംഘനങ്ങളില്‍ നടപടി എടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യുമ്പോള്‍ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നത് ചെലവ് നിരീക്ഷകരാണ്. പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോഘട്ടത്തിലും ഉയര്‍ത്തുന്ന പരാതികള്‍ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് നിരീക്ഷകരാണ്.' മാതൃകാ പെരുമാറ്റച്ചട്ടം, നാമനിര്‍ദേശ പത്രിക സമര്‍പ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കല്‍, പോസ്റ്റല്‍ ബാലറ്റ് വിതരണം, സുരക്ഷാസംവിധാനങ്ങള്‍ വിന്യസിക്കല്‍, റാന്‍ഡമൈസേഷന്‍, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ തുടങ്ങിയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയകളും നിരീക്ഷകരുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.

'പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ നിരീക്ഷകര്‍ക്ക് നേരിട്ടും ഫോണിലൂടെയും നല്‍കാം. മാതൃകാപെരുമാറ്റച്ചട്ടലംഘനം, സ്വതന്ത്രവും നീതിപൂര്‍വവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് വിഘാതമാവുന്ന പ്രവൃത്തികള്‍, മതസ്പര്‍ദ്ധക്കിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍, പ്രസംഗങ്ങള്‍, സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യല്‍ തുടങ്ങിയ പരാതികള്‍ പൊതുജനങ്ങള്‍ക്ക് നിരീക്ഷകര്‍ക്ക് നല്‍കാവുന്നതാണ്.' തിരഞ്ഞെടുപ്പില്‍ പണം, മദ്യം, പാരിതോഷികങ്ങള്‍, ഭീഷണി, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുകയോ ജനാധിപത്യത്തിന്റെ അന്ത:സത്തയെ കളങ്കപ്പെടുത്തുകയോ ചെയ്യുന്ന പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നിയമനടപടികളും നിരീക്ഷകര്‍ സ്വീകരിക്കുമെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി. 

'മോക്‌പോളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അധിക വോട്ട്': സംഭവിച്ചത് എന്ത്? വിശദീകരിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം ഇനിയും വൈകും, ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാവാത്തത് തടസം, കൂടുതൽ പ്രതികള്‍ ജയിൽ മോചിതരാകും
തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി