കേരളത്തിന് അഭിമാനം; പ്രതിസന്ധികളിൽ തളരാത്ത മികച്ച സാമ്പത്തിക മാതൃക, കെഎസ്എഫ്ഇയുടെ ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Published : Aug 14, 2025, 12:16 AM IST
ksfe

Synopsis

കെ.എസ്.എഫ്.ഇ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ചത് കേരളത്തിന് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ച കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനും സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികളിൽ തളരാത്ത ഒരു മികച്ച സാമ്പത്തിക മാതൃകയാണ് കെ.എസ്.എഫ്.ഇ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കെ.എസ്.എഫ്.ഇയുടെ ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടത്തിന്റെ പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ പല ധനകാര്യ സ്ഥാപനങ്ങളും തകർന്നപ്പോൾ കെ.എസ്.എഫ്.ഇ ഒരു ബദലായി ഉയർന്നു വന്നു. കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം വെറും പണമിടപാടുകളിൽ ഒതുങ്ങുന്നില്ല. വ്യവസായങ്ങൾക്കും ഉത്പാദന സ്ഥാപനങ്ങൾക്കും ആവശ്യമായ മുതൽമുടക്കും നിക്ഷേപവും നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

1967-ൽ ഇ.എം.എസ്. സർക്കാരിൻ്റെ കാലത്ത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞിന്റെ നേതൃത്വത്തിലാണ് കെ.എസ്.എഫ്.ഇ. രൂപീകൃതമായത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് ബദലായാണ് ഇത് ആരംഭിച്ചത്. പത്ത് ശാഖകളുമായി തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് 683 ശാഖകളും ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവുമുണ്ട്. 2016-ൽ സർക്കാർ അധികാരത്തിൽ വരുമ്പോൾ 30,000 കോടി രൂപയായിരുന്ന കെ.എസ്.എഫ്.ഇയുടെ ബിസിനസ്സ്, കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് മൂന്നിരട്ടിയിലധികം വർദ്ധിച്ചു. പ്രവർത്തന ലാഭം 236 കോടി രൂപയിൽ നിന്ന് 500 കോടി രൂപയായി ഉയർന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികൾക്ക് ചിട്ടിയിൽ ചേരാനുള്ള സൗകര്യം ഒരുക്കിയതും ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചതും ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്. 121 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ കെ.എസ്.എഫ്.ഇ ചിട്ടികളിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്. പ്രവാസി ചിട്ടികൾ വിഭാവനം ചെയ്തിട്ടുള്ളത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയിൽ അധ്യക്ഷത വഹിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, കെ.എസ്.എഫ്.ഇയുടെ നേട്ടം സംസ്ഥാനത്തിൻ്റെ ധനകാര്യ മേഖലയിലെ വലിയ വിജയമാണെന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3,050 പേർക്ക് പി.എസ്.സി വഴി ജോലി നൽകാൻ സാധിച്ചു. ഓഹരി വിപണിയിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിക്കുന്നതിനേക്കാൾ മികച്ചതും സർക്കാർ ഗ്യാരന്റിയുള്ളതുമാണ് കെ.എസ്.എഫ്.ഇയുടെ പദ്ധതികളെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ "കെ.എസ്.എഫ്.ഇ ഈ നാടിന്റെ ധൈര്യം" എന്ന മുദ്രാവാക്യം ബ്രാൻഡ് അംബാസഡർ സുരാജ് വെഞ്ഞാറമൂടിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഒരു കോടി ഉപഭോക്താക്കൾ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രഖ്യാപനവും, ചിട്ടി 'ഫ്രറ്റേണിറ്റി ഫണ്ടായി' റീബ്രാൻഡ് ചെയ്യുന്ന പ്രഖ്യാപനവും ധനമന്ത്രി നിർവഹിച്ചു

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും