
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നു എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വിവിധസ്ഥാനങ്ങളിൽ ഇരിക്കെ തൻ്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും അദ്ദേഹം അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു. വിവാദങ്ങൾ ഉണ്ടായപ്പോഴും തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു.
വൈഷമ്യമേറിയ ഒരു ഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസിൻ്റെ സംഘടനാരൂപം കാര്യക്ഷമമാക്കി നിലനിർത്തുന്നതിൽ വലിയ പങ്കാണ് വക്കം വഹിച്ചത്. മന്ത്രിയെന്ന നിലയിൽ വികസനോന്മുഖമായ വീക്ഷണം പുലർത്താൻ ശ്രദ്ധിച്ചു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ എംപി എന്ന നിലയിൽ സദാ സന്നദ്ധത പുലർത്തിയിരുന്നു. വക്കം പുരുഷോത്തമന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന കുടുംബാംഗങ്ങളെയും കോൺഗ്രസ്സ് പാർട്ടിയെയും മറ്റെല്ലാവരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍റെ അന്ത്യം. 96 വയസ്സായിരുന്നു. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ചികിത്സ തേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കർ എന്നീ പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam