
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലയിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിൻ്റെ എംഡിയായിരുന്ന ദിവ്യ എസ് അയ്യർ അദാനി കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും സതീശൻ അധികാരമേറ്റതോടെ ദിവ്യയെ മാറ്റി എന്നും ആക്ഷേപമുയർന്നിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലകളിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്നും അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നമെന്നും മുഖ്യമന്ത്രി ചോദിച്ചു. മാത്രമല്ല, ഒരുപാട് നാളായി അവിടെയുണ്ടായിരുന്ന പലരേയും മാറ്റിയിട്ടുണ്ട്. എന്താണ് കുഴപ്പം. അവർ അദാനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ എന്നുള്ള കാര്യം തനിക്കറിയില്ല. സർക്കാർ എച്ച്ഒഡിമാർ ആർക്കൊക്കെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് താൻ അന്വേഷിക്കേണ്ട ജോലിയല്ല. സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും തന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ് അയ്യരെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് നിയമിച്ചത്. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖ എംഡി.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാരിൻറെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നു എന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നത് ദേശാഭിമാനിക്ക് മാത്രം ആയിരുന്നുവെന്നും പഴയ പത്രവാർത്ത ഉയർത്തികൊണ്ട് സതീശൻ ചൂണ്ടിക്കാട്ടി. അദാനിയും എംഎസ്‍സി കമ്പനിയുമായി ഒരു വർഷമായി ചർച്ച നടത്തി. 2026 ജൂൺ അഞ്ചിന് ദേശാഭിമാനി ഇത് റിപ്പോർട്ട് ചെയ്തു. ദേശാഭിമാനിയുടെ വാർത്ത ഉറവിടം എൽഡിഎഫ് സർക്കാർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാർ കാലത്തെ വിഴിഞ്ഞം കോൺക്ലെവിൽ എംഎസ്‍സി പ്രതിനിധികൾ പങ്കെടുത്തു. ഇതെല്ലാം ചെയ്തിട്ട് ഇപ്പോൾ കടൽ കൊള്ള, സതീശൻ - അദാനി എന്നൊക്കെ പറയുന്നു. എന്താണ് ഇവിടെ നടക്കുന്നതെന്നും സതീശൻ ചോദിച്ചു. ഓഹരി കൈമാറ്റം അറിഞ്ഞപ്പോൾ തന്നെ യുഡിഎഫ് സർക്കാർ അതൃപ്‌തി അറിയിച്ചു. ഇതോടെ അവർ അപേക്ഷ നൽകി. ഇത് എംപവേർഡ് കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർമ്മാണ കരാറിൽ തന്നെ ഒരു കമ്പനിക്കും കുത്തകാവകാശം പാടില്ല എന്ന വ്യവസ്ഥ ഉണ്ട്. ഇതിൽ ഉമ്മൻ ചാണ്ടിക്കും കെ ബാബുവിനും സല്യൂട്ട് എന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെ മാധ്യമങ്ങളോടും മുഖ്യമന്ത്രി ചോദ്യം ഉന്നയിച്ചു. ആദ്യമായി ഞാൻ അങ്ങോട്ട് ചോദിക്കുകയാണ്, ഈ സർക്കാർ എന്ത് തെറ്റ് ചെയ്തു എന്നായിരുന്നു സതീശൻറെ ചോദ്യം. വിഴിഞ്ഞത്തെ സംസ്ഥാന താത്പര്യം ബലി കഴിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam