ഖജനാവിൽ പണമുണ്ട്! ലക്ഷങ്ങൾ മുടക്കി മുഖ്യമന്ത്രിക്ക് എസ്കോർട്ട് വാഹനങ്ങൾ വാങ്ങുന്നു

By Web TeamFirst Published Sep 23, 2021, 11:28 PM IST
Highlights

മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങാനാണ് അനുമതിയായത്. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയിരിക്കുന്നത്.

കോഴിക്കോട്: മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി നാല് ആഢംബര കാറുകള്‍ വാങ്ങുന്നു. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങള്‍ മുടക്കി നാല് കാറുകള്‍ വാങ്ങാനുള്ള നടപടി.

കഴിഞ്ഞ മെയ് 29 നാണ് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. ഈ അപേക്ഷയിലാണ് ഇന്നലെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാല് ലക്ഷ്യറി കാറുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനുമാണ് ഉത്തരവില്‍ അനുമതി നൽകിയിരിക്കുന്നത്. ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പ്രത്യേക കേസായി പരിഗണിക്കുന്നതെന്നും ഉത്തരവിലുണ്ട്.  

ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടി കഴിഞ്ഞാല്‍ വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്ന് ആഭ്യന്തര വകുപ്പിലെ ഉന്നതർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പൈലറ്റ് എക്സ്കോർട്ട് സര്‍വീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാന‍് കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. രണ്ട് വാഹനങ്ങള്‍ ടൂറിസം വകുപ്പിന് വേണ്ടിയാണ് ഉപയോഗിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ന്യായീകരണം. അടിയന്തര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ആവശ്യത്തിനായി ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും വകുപ്പ് ചൂണ്ടികാട്ടുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!