ആനന്ദിന്‍റെ സാഹിത്യം മരുഭൂമിയിലെ പച്ചപ്പ്: പിണറായി വിജയന്‍

By Web TeamFirst Published Dec 23, 2019, 11:24 PM IST
Highlights

പൊള്ളിക്കുന്ന ഭീതിജനകമായ അവസ്ഥയിൽ മുന്നറിയിപ്പ് നൽകുന്ന പ്രവചന സ്വഭാവമുള്ള സർഗാത്മക രചനകളാണ് ആനന്ദിന്‍റേത്. ആ കരുതലിനുള്ള മലയാളത്തിന്‍റെ കൃതജ്ഞതയാണ് എഴുത്തച്ഛൻ പുരസ്‌കാരം.

തിരുവനന്തപുരം: രാജ്യം ആശങ്കയില്‍ കഴിയുന്ന കാലഘട്ടത്തില്‍ ആനന്ദിനെപ്പോലുള്ളവരുടെ സാഹിത്യ സൃഷ്ടികള്‍ മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആനന്ദിന് എഴുത്തച്ഛന്‍ പുരസ്കാരം സമ്മാനിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം എഴുത്തുകൾ സംരക്ഷിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമുണ്ട്.

ആരാണ് ഇന്ത്യൻ പൗരൻ എന്ന ചോദ്യം നാടാകെ ഉയരുന്ന കലുഷിതമായ അവസ്ഥയാണുള്ളത്. ഇന്ത്യയിൽ ജനിച്ചു വളർന്ന ചിലർക്ക് താൻ ഏതു രാജ്യത്തെ പൗരനാണെന്ന ചോദ്യത്തിന് മറുപടി പറയേണ്ട വേദനാജനകമായ സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊള്ളിക്കുന്ന ഭീതിജനകമായ അവസ്ഥയിൽ മുന്നറിയിപ്പ് നൽകുന്ന പ്രവചന സ്വഭാവമുള്ള സർഗാത്മക രചനകളാണ് ആനന്ദിന്‍റേത്. ആ കരുതലിനുള്ള മലയാളത്തിന്‍റെ കൃതജ്ഞതയാണ് എഴുത്തച്ഛൻ പുരസ്‌കാരം.

യഥാർത്ഥ ജീവിതത്തിൽ മനുഷ്യർക്കിടയിൽ അകലം വർദ്ധിക്കുന്നു. ജാതി മുതൽ വംശം വരെ ഇതിന് കാരണമാകുന്നു. ആനന്ദ് എഴുത്തിലൂടെ മനുഷ്യർക്കിടയിൽ പാലം പണിഞ്ഞു കൊണ്ടിരിക്കുന്നു. ആനന്ദിനെപ്പോലെയുള്ള എഴുത്തുകാരുടെ സ്വാതന്ത്ര്യം നിലനിൽക്കണം. അത് ജനധിപത്യത്തിന്‍റെ നിലനിൽപിന് ആവശ്യമാണ്. പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുള്ള എഴുത്തിലൂടെയാണ് ആനന്ദ് എക്കാലവും സഞ്ചരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!