'ഓണം ഐശ്വര്യപൂർണമാക്കാൻ വേണ്ടതൊക്കെ ചെയ്തു; ക്ഷേമപെൻഷൻ മുതൽ പൊതുവിതരണം വരെ ഉറപ്പാക്കി'

Published : Aug 28, 2023, 05:23 PM IST
'ഓണം ഐശ്വര്യപൂർണമാക്കാൻ വേണ്ടതൊക്കെ ചെയ്തു; ക്ഷേമപെൻഷൻ മുതൽ പൊതുവിതരണം വരെ ഉറപ്പാക്കി'

Synopsis

മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും മുഖ്യമന്ത്രി ഓണാശംസ സന്ദേശത്തിൽ പറഞ്ഞു. 

തിരുവനന്തപുരം: ഓണം ഐശ്വര്യപൂർണമാക്കാൻ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് വേണ്ടതൊക്കെ ചെയ്തു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐശ്വര്യ - വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഓണാശംസ സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത് സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും മുഖ്യമന്ത്രി ഓണാശംസ സന്ദേശത്തിൽ പറഞ്ഞു. 

കേവലമായ ഒരു തിരിച്ചുപോക്കല്ല ഇത്. ഓണസങ്കൽപം പകർന്നു തരുന്നതിനേക്കാൾ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കാലത്തെ പുനർനിർമ്മിക്കലാണ്. ഇന്ന് കേരള സർക്കാരിന്റെ മനസ്സിലുള്ളത് അത്തരമൊരു നവകേരള സങ്കൽപമാണ്. ആ നവകേരള സങ്കൽപമാകട്ടെ, കേരളത്തെ എല്ലാ വിധത്തിലും പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കൊപ്പം നവീകരിച്ച് ശക്തിപ്പെടുത്തും. അത് യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടി പുനരർപ്പിക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം.

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും ഓണം ഐശ്വര്യപൂർണ്ണമാക്കാൻ വേണ്ടതൊക്കെ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്. ക്ഷേമപെൻഷനുകളുടെ വിതരണം മുതൽ ന്യായവിലക്കുള്ള പൊതുവിതരണം വരെ ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിസന്ധികളിൽ സർക്കാർ ഉയർത്തിയ മുദ്രാവാക്യം ഉണ്ടല്ലോ, 'സർക്കാർ ഒപ്പമുണ്ട്' എന്നതായിരുന്നു അത്. ആഘോഷവേളയിലും അത് തന്നെ പറയട്ടെ. സർക്കാർ ഒപ്പമുണ്ട്. 

മാനുഷികമായ മൂല്യങ്ങൾ എല്ലാം മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണം. കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേർതിരിവുകൾക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാം. വേർതിരിവുകൊണ്ടും ഭേദചിന്തകൾകൊണ്ടും കലുഷമാകാത്ത മനസ്സുകളുടെ ഒരുമ, അതാവട്ടെ നമുക്ക് ഇക്കൊല്ലത്തെ ഓണം. ഏവർക്കും സ്‌നേഹം നിറഞ്ഞ ഓണാശംസകൾ എന്ന് കൂടി കൂട്ടിച്ചേർത്താണ് മുഖ്യമന്ത്രി ആശംസാ സന്ദേശം പൂർത്തിയാക്കിയത്. 

ഓഗസ്റ്റ് 31 വരെയുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി; ക്ഷമ ചോദിച്ച് എയര്‍ലൈൻസ്, യാത്രക്കാര്‍ ചെയ്യേണ്ടത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചു
ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്