
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും. സഭ ഐകകണ്ഠേന പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതാവും പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് വിവരം.
വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ എതിർത്തിരുന്നു. സംസ്ഥാനത്തെമ്പാടും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്. ഏക സിവിൽ കോഡ് വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷൻ അഭിപ്രായം തേടിയിരുന്നു.
പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെയാണ് തുടങ്ങിയത്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങളാണ് പരിഗണിക്കുന്നത്. ആദ്യ ദിവസം അന്തരിച്ച ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങൾ ആദരം അർപ്പിച്ച് സഭ പിരിഞ്ഞു. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി ഇല്ലാതെ സഭ സമ്മേളിച്ചത്.
അതേസമയം വരും ദിവസങ്ങളിൽ മിത്ത് വിവാദം, മദ്യനയം, സെമി ഹൈസ്പീഡ് റെയില്‍, ഇ ശ്രീധരന്‍ നല്‍കിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം, റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും സഭാ സമ്മേളനത്തില്‍ ചർച്ചയാകും. മിത്ത് വിവാദത്തിൽ സ്പീക്കർ തിരുത്തണമെന്ന നിലപാടിൽ ഊന്നിയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. എന്നാൽ സഭയിൽ സ്പീക്കറെ ബഹിഷ്കരിക്കുന്നതടക്കം യാതൊരു സമരവും നടത്തില്ലെന്നാണ് വിവരം. എന്നാൽ വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം യുഡിഎഫ് സഭയിൽ ചോദ്യം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam