റെഡ്ക്രസന്റുമായുള്ള കരാറിന് കേന്ദ്രാനുമതിയുടെ ആവശ്യമില്ല; ആക്ഷേപങ്ങളിൽ സർക്കാരിന് റോളില്ലെന്നും മുഖ്യമന്ത്രി

By Web TeamFirst Published Aug 27, 2020, 7:51 PM IST
Highlights

ലൈഫ് മിഷൻ പദ്ധതിക്ക് 20 കോടി രൂപ റെഡ് ക്രസന്‍റിൽ നിന്ന് വാങ്ങാൻ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: റെഡ് ക്രസന്റുമായി ലൈഫ് മിഷൻ കരാർ ഒപ്പിട്ടതിന് കേന്ദ്രാനുമതിയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരും റെഡ്ക്രസന്റും തമ്മിലാണ് ധാരണാപത്രം ഒപ്പു വച്ചത്. റെഡ് ക്രസന്റ് ഏജൻസിയെ നിയോ​ഗിച്ചു. അത് സർക്കാരുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് ക്രസന്റുമായി കരാർ ഒപ്പിട്ടതിന് കേന്ദ്ര അനുമതി ആവശ്യമില്ല.  എന്നാൽ കേന്ദ്രസർക്കാരിനെ ഇക്കാര്യം അറിയിക്കണം. ലൈഫ് മിഷൻ പദ്ധതിയിൽ തത്ക്കാലം സംസ്ഥാന സർക്കാർ അന്വേഷണം ഇല്ല. കെട്ടിടങ്ങളുടെ ​ഗുണനിലവാരത്തിൽ മാത്രമാണ് ഇടപെടലുണ്ടായത്. ആക്ഷേപങ്ങളിൽ സർക്കാരിന് റോളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശസാമ്പത്തികസഹായം തേടിയതിൽ കേന്ദ്രസർക്കാരിന്‍റെ അനുമതി ആവശ്യമാണെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനസർക്കാർ ഇത് ചെയ്തിട്ടില്ല. ദില്ലിയിൽ ചേർന്ന വിദേശകാര്യസ്ഥിരം സമിതിയാണ് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വിശദമായി വിലയിരുത്തിയത്.

ലൈഫ് മിഷൻ പദ്ധതിക്ക് 20 കോടി രൂപ റെഡ് ക്രസന്‍റിൽ നിന്ന് വാങ്ങാൻ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇടപാടിലെ കമ്മീഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം പരിശോധിച്ചത്. വിദേശ സർക്കാരുകളിൽ നിന്നോ സംഘടനകളിൽ നിന്നോ ധനസഹായം സർക്കാർ സ്വീകരിക്കുമ്പോൾ കേന്ദ്ര അനുമതി അനിവാര്യമെന്നും ഉന്നതവൃത്തങ്ങൾ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം. എന്നാൽ മറ്റു പദ്ധതികളുമായി സഹകരിക്കുമ്പോൾ കേന്ദ്രം അറിഞ്ഞിരിക്കണം. റെഡ്ക്രസൻറിന് ഇന്ത്യയിലെ പ്രവർത്തനത്തിന് അനുമതി ഇല്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒപ്പം കരാർ ഒപ്പിടാൻ വന്ന ഉദ്യോഗസ്ഥരുടെ യാത്രാ രേഖകളും വിലയിരുത്തും. സർക്കാരുമായി ഔദ്യോഗിക ഇടപാടുണ്ടാവും എന്നത് വിസ അപേക്ഷയിൽ പറഞ്ഞിരുന്നോ എന്ന് പരിശോധിക്കും. 
 

click me!