നവ കേരള സദസ്സിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുത്: മുഖ്യമന്ത്രി

Published : Nov 27, 2023, 11:24 AM IST
നവ കേരള സദസ്സിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുത്: മുഖ്യമന്ത്രി

Synopsis

ലൈഫ് പദ്ധതിയിൽ തുച്ഛമായ വിഹിതം നൽകിയിട്ട് ആ വീടുകളുടെ മുന്നിൽ പിഎംഇവൈ പേര് കൊടുക്കണമെന്ന് പറയാൻ കേന്ദ്രത്തിന് എന്ത് അവകാശമെന്നും മുഖ്യമന്ത്രി

മലപ്പുറം: നവ കേരള സദസ്സിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ തെറ്റായ തീരുമാനത്തിന്റെ അനന്തര ഫലമാണ് യാത്രയിൽ ഇങ്ങനെ നേതാക്കൾ പങ്കെടുക്കുന്നത്. തെറ്റായ തീരുമാനത്തിൽ പിടിച്ചു നിൽക്കാൻ കൂടുതൽ തെറ്റുകളിലേക്ക് പോവുകയാണ് യുഡിഎഫ് നേതൃത്വം. നവ കേരള സദസ്സിൽ പങ്കെടുത്തവർക്കെതിരെ നടപടി വരുന്നത് ഇപ്പോൾ പാർടി കാര്യമായിരിക്കാം. എന്നാൽ അവർ നാടിന്റെ പൊതുവികാരത്തിനൊപ്പം ചേർന്നവരാണ്. ഇന്ന് ഒരു തങ്ങൾ പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞു. നാടിന്റെ പൊതുവികാരമാണ് അത്. അതിനോടൊന്നും പകപോക്കൽ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടു.

നവകേരള സദസ്സിന്റെ ഓരോ പരിപാടിയും ഒന്നിനൊന്നു മെച്ചമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് വലിയ പരിപാടി നടത്തുമ്പോൾ സുരക്ഷ മുൻകരുതൽ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക മാനദണ്ഡങ്ങൾ സ്വീകരിച്ചു നടപടി എടുക്കണം. ഈ വിഷയത്തിൽ സത്വര നടപടികൾ എടുത്തു മുന്നോട്ട് പോകാണാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരം അപകടങ്ങൾ അപൂർവമായി മാത്രം നടക്കുന്നതാണ്. ആളുകൾ നിൽക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്. ആ കാര്യത്തിൽ പൊതുവെ നമ്മുടെ ഭാഗത്ത് അലംഭാവമുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ പലയിടത്തും പാലിക്കുന്നില്ലെന്നും ഈ നിർദ്ദേശങ്ങൾ കാലാനുസൃതമായി പുതുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തികമായി കേന്ദ്രം സംസ്ഥാന സർക്കാരിനെ ശ്വാസം മുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ശത്രുതാപരമായ സമീപനമാണ്. കേന്ദ്രാവിഷ്‍കൃത പദ്ധതികളിൽ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നടപടി സ്വീകരിക്കുകയാണ്. ലൈഫിൽ മൂന്നര ലക്ഷത്തിൽ അധികം വീടുകൾ നിർമ്മിച്ചു. മൂന്ന് വർഷമായി പി എം ഇ വൈ ഗ്രാമീനിൽ ടാർഗറ്റ് കേന്ദ്രം നിശ്ചയിക്കുന്നില്ല. പിഎംഇവൈയിൽ ചെറിയ കാശ് തന്നിട്ട് അവരുടെ പേര് വീട്ടിൽ വെക്കണമെന്ന് പറയാൻ എന്ത് അർഹതയാണ് കേന്ദ്ര സർക്കാരിനുള്ളത്.

ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ സംസ്ഥാനം പേര് വെക്കുന്നില്ല. ജനങ്ങൾക്ക് നൽകുന്ന ഔദാര്യമല്ല ആ വീടുകൾ. അത് അവരുടെ അവകാശമായിണ് കാണേണ്ടത്. സാമൂഹ്യ മേഖലയിലെ കേരളത്തിന്റെ മുന്നേറ്റം ഒരു ശിക്ഷ ആയിട്ട് കാണരുത്. സാമൂഹ്യ പെൻഷൻ ഫണ്ടിൽ കുടിശികയില്ലെന്ന പ്രസ്താവന തെറ്റിദ്ധാരണയാണ്. കിട്ടാനുള്ള പണം തടഞ്ഞു വെക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തെ തുക തടഞ്ഞു വെച്ച് അടുത്തിടെയാണ് കിട്ടിയത്. ജി എസ് ടി നഷ്ടപരിഹാരം നൽകുന്ന കാലാവധി വർധിപ്പിക്കണം എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല. കണക്ക് നൽകിയില്ലെന്നത് യഥാർത്ഥ പ്രശ്നം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സംസ്ഥാനം നേരിട്ടല്ല ജിഎസ്‌ടി കൗൺസിലിന് കണക്ക് കൊടുക്കേണ്ടത്. എജിയാണ് കണക്ക് കൊടുക്കേണ്ടത്. യുജിസി ശമ്പള കുടിശികയായി 750 കോടി രൂപയും നെല്ല് കുടിശിക ഇനത്തിൽ 750 കോടി രൂപയും കേന്ദ്രം നൽകാനുണ്ട്. സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള അവകാശം വെട്ടിക്കുറക്കുന്ന കേന്ദ്ര സർക്കാർ, സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് പുറം തിരിഞ്ഞു നിൽക്കുകയാണ്. ഇത് ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്തതാണെന്നും ഇങ്ങനെയൊക്കെ ചെയ്യുന്നവരാണ് ഇവിടെ ഞങ്ങൾ എന്തെല്ലാമോ ചെയ്യുന്നു എന്ന് പറയുന്നത്. ചൈനയിലെ ന്യുമോണിയ ബാധയിൽ കേരളത്തിൽ ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ