അകൽച്ചയ്ക്ക് വിരാമം, സതീശനും ചന്ദ്രശേഖരനും വേദി പങ്കിട്ടു, മുഖ്യമന്ത്രിക്ക് ബിഗ് സല്യൂട്ടെന്ന് ഐഎൻടിയുസി പ്രസിഡന്‍റ്; യോഗത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ

Published : Sep 21, 2026, 02:36 PM IST
VD Satheesan

Synopsis

ഏറെക്കാലത്തെ ഭിന്നതകൾക്ക് ശേഷം മുഖ്യമന്ത്രി വി ഡി സതീശനും ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരനും വേദി പങ്കിട്ടു. വിദേശ നിക്ഷേപം, തൊഴിൽ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിർണായക നയപ്രഖ്യാപനങ്ങളും മുഖ്യമന്ത്രി യോഗത്തിൽ നടത്തി

തിരുവനന്തപുരം: ഏറെക്കാലത്തെ ഭിന്നതകൾക്കും അകൽച്ചയ്ക്കും ശേഷം മുഖ്യമന്ത്രി വി ഡി സതീശനും ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും തിരുവനന്തപുരത്ത് നടന്ന ഐ എൻ ടി യു സി സംസ്ഥാന നേതൃയോഗത്തിൽ വേദി പങ്കിട്ടു. ചടങ്ങിൽ എത്തിയ മുഖ്യമന്ത്രിയെ ആർ ചന്ദ്രശേഖരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കേരളത്തിന് വേണ്ടി രാപ്പകൽ അധ്വാനിക്കുന്ന മുഖ്യമന്ത്രിയാണ് സതീശനെന്ന് പുകഴ്ത്തിയ ചന്ദ്രശേഖരൻ, അദ്ദേഹത്തിന് ബിഗ് സല്യൂട്ട് നൽകുന്നുവെന്നും വ്യക്തമാക്കി. താൻ മണിയടിക്കുന്ന ആളല്ലെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഐ എൻ ടി യു സി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാണ് വി ഡി സതീശൻ.

കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് നടന്ന ഐ എൻ ടി യു സി സംസ്ഥാനതല പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി കാത്തിരുന്ന ഘട്ടത്തിലായിരുന്നു അത്. അന്ന് മുഖ്യമന്ത്രി വിട്ടുനിന്നതിനെ തുടർന്ന് ഉദ്ഘാടനവും അധ്യക്ഷപ്രസംഗവുമില്ലാതെയാണ് പരിപാടി നടന്നിരുന്നത്. പിന്നീട് സർക്കാർ വിചാരണയ്ക്ക് അനുമതി നൽകിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. എന്നാൽ, അന്നത്തെ നിയമസഭാ സമ്മേളന തിരക്കുകൾ മൂലമാണ് തനിക്ക് വരാൻ കഴിയാതിരുന്നതെന്നും ആ പ്രയാസം മൂലമാണ് വീണ്ടും നേതൃയോഗം വിളിക്കാൻ താൻ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

നിർണായക പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി

ഐ എൻ ടി യു സി നേതൃ യോഗത്തിൽ സംസാരിച്ച മുഖ്യമന്ത്രി സർക്കാരിന്റെ നയപരമായ നിലപാടുകൾ വ്യക്തമാക്കി. വിദേശ വൻകിട കമ്പനികളുമായി നിക്ഷേപ ചർച്ചകൾ തുടരുകയാണെന്നും അടുത്ത ആറുമാസത്തിനകം ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഏകജാലക സംവിധാനം പലപ്പോഴും തട്ടിപ്പാണെന്നും ഒരു പഞ്ചായത്ത് സെക്രട്ടറി വിചാരിച്ചാൽ പോലും കോടികളുടെ നിക്ഷേപം തടയാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതുകൊണ്ടാണ് 19 നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചതെന്നും കൂട്ടിച്ചേർത്തു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം കാലിൽ നിൽക്കുന്നവയാകണമെന്നും സർക്കാരിന്റെ സമ്പദ്‌വ്യവസ്ഥയെ ഊറ്റിക്കുടിക്കുന്നവയാകാൻ അനുവദിക്കില്ലെന്നും സതീശൻ മുന്നറിയിപ്പ് നൽകി. മറ്റൊരു നിയമവും നിലവിലില്ലാത്തതിനാൽ കേന്ദ്ര ലേബർ കോഡ് നടപ്പാക്കാതിരിക്കാൻ കഴിയില്ലെങ്കിലും തൊഴിലാളികളെ ബാധിക്കാത്ത വിധത്തിലും തൊഴിലാളി വിരുദ്ധ നയങ്ങൾ ഇല്ലാതെയും മാത്രമായിരിക്കും അത് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സ്വകാര്യവൽക്കരണം സർക്കാരിന്റെ നയമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കഴിഞ്ഞ ഓണക്കാലത്ത് റെക്കോർഡ് ബിസിനസാണ് നടന്നതെന്നും സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ അനുഭവപ്പെട്ട അപ്രതീക്ഷിത മഴയും മലവെളളപ്പാച്ചിലിനും കാരണം മേഘവിസ്ഫോടനമല്ല; ചെറിയ പ്രദേശത്ത് പെയ്ത അതിശക്ത മഴയെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ
300 കിലോ ഭാരമുള്ള ഭീമൻ മുതല, കന്യാകുമാരിയെ ഏഴ് മാസമായി ഭീതിയിലാഴ്ത്തിയ വമ്പൻ വലയിലായി; പ്രദേശവാസികൾക്ക് ആശ്വാസം