
കൊച്ചി: മുഖ്യമന്ത്രി- കെഎസ്‍യു തർക്കം നിലനിൽക്കുന്നതിനിടെ, വിഡി സതീശനും കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും ഒരേ ചടങ്ങിൽ. കൊച്ചി എസ്എച്ച് കോളേജിലെ പരിപാടിയിലാണ് മുഖ്യമന്തി വിഡി സതീശൻ എത്തിയത്. ഈ പരിപാടിയിൽ അലോഷ്യസ് സേവ്യറും പങ്കെടുത്തിരുന്നു. വേദിയിൽ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു. സതീശനെ കാണാൻ, അലോഷ്യസ് കാത്തുനിന്നെങ്കിലും സതീശൻ മുഖം കൊടുത്തില്ല. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് സതീശൻ കലാലയത്തിലെത്തുന്നത്.
കോളജിൽ പഠിച്ചപ്പോൾ ചെയ്ത കാര്യങ്ങൾ പറയണമെന്നുണ്ടായിരുന്നു. പക്ഷേ മാധ്യമങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. അവർക്ക് ഒരു വർഷത്തേക്കുള്ള വാർത്തയാവും. അത്രയ്ക്ക് നല്ലതും അല്ലാത്തതും ചെയ്തിട്ടുണ്ട്. ഈ സ്റ്റേജിൽ നിന്നാണ് സംസാരിക്കാൻ പഠിച്ചത്. എന്റെ അത്രയും ഈ സ്റ്റേജിൽ കയറി പ്രസംഗിച്ച മറ്റൊരു വിദ്യാർത്ഥിയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിലാണ് മുഖ്യമന്ത്രിയും കെഎസ്‍യുവും കൊമ്പുകോർത്തത്. തിരുവനന്തപുരം ലോ കോളജില്‍ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയിയെന്നാണ് പരസ്യ വിമർശനവുമായി കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ തന്നെ രംഗത്തെത്തുകയായിരുന്നു. ലോ കോളേജിൽ കെ എസ് യു പ്രവർത്തകരെ നിരന്തരം മർദിക്കാൻ നേതൃത്വം നൽകിയ മുൻ എസ് എഫ് ഐ പ്രവർത്തകയെ ഗവൺമെന്റ് പ്ലീഡറാക്കിയതിനെതിരെ രൂക്ഷവിമർശനമാണ് അലോഷ്യസ് ഉയർത്തിയത്. ഇക്കാലമത്രയും സംഘടനയ്ക്ക് വേണ്ടി തെരുവിൽ ചോരയൊഴുക്കിയവരെയും കേസുകളിൽ പ്രതികളായവരെയും നോക്കുകുത്തിയാക്കി വഴിയിൽ കൂടി പോകുന്ന എസ് എഫ് ഐക്കാരെ ചുമക്കേണ്ട ബാധ്യത യു ഡി എഫ് സർക്കാരിനില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പത്ത് വർഷം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാൻ വിളിച്ചുകൊണ്ടിരുന്ന നേതാക്കൾ ഇപ്പോൾ കെ എസ് യു പ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത് തെറ്റായ പ്രവണതയാണെന്നും, "കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ" എന്ന അവസ്ഥ വന്നതിനാലാണ് പരസ്യ പ്രതികരണത്തിന് മുതിർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കെഎസ്‍യു പ്രതികരണത്തോട് പരിഹാസത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam