
തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി. പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷൻ 2031 നടപ്പിലാക്കും. 100 ദിവസത്തെ കർമ്മ പദ്ധതി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും. പദ്മ പുരസ്കാരം ശുപാർശ സമർപ്പിക്കാൻ സമിതി നിർമിക്കും. സിൽവർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ട്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശൻ പറഞ്ഞു.
പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടും. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങൾ വകുപ്പുകൾക്ക് വിഭജിച്ച് നൽകി. വന്ദേമാതരം മുഴുവൻ പാടിയത് ലോക് ഭവൻ നിർദേശ പ്രകാരമാണ്. വന്ദേമാതരം മുഴുവൻ ആലപിക്കുന്ന കാര്യം അറിയില്ലായിരുന്നു. സംഘടിപ്പിച്ചത് രാജ്ഭവൻ ആണ്. വേദിയിൽ വെച്ചാണ് ഇത് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പ് വിഭജന ചർച്ച മിനിയാന്ന് രാത്രി പൂർത്തിയായി. ഗവർണർ സ്ഥലത്തില്ലാത്തതിനാലാണ് വിജ്ഞാപനം വൈകുന്നത്. ഗവർണർക്ക് ലിസ്റ്റ് കൊടുത്തിട്ടുണ്ട്. തിണ്ണനിരങ്ങാൻ പോകരുതെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടില്ല. ലത്തീൻ ബിഷപ്പ് ഹൗസിൽ പോയതിൽ എന്താണ് തെറ്റ്. തിണ്ണ നിരങ്ങാൻ പോകരുതെന്ന് പണ്ട് ഉപദേശിച്ചിട്ടുണ്ട്. പദവിയിലിരിക്കുമ്പോൾ എല്ലാവരോടും ക്ഷമിക്കാൻ പറ്റണം. എല്ലാവരുമായും നല്ല ബന്ധം വേണം . അതിശക്തമായ സെക്യുലർ നിലപാടാണ്. ആര് വർഗ്ഗീയത പറഞ്ഞാലും അതിശക്തമായി എതിർക്കും. ഏറ്റവും അധികം ആക്രമിക്കപ്പെടുന്നത് വനിതാ മാധ്യമപ്രവർത്തകരാണ്. സൈബർ ഇടത്തിൽ ആരും അധിക്ഷേപിക്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam