മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ സംഘങ്ങളുടെ അഭയകേന്ദ്രം: മുല്ലപ്പള്ളി

By Web TeamFirst Published Jul 6, 2020, 6:37 PM IST
Highlights

കള്ളക്കടത്ത് സംഘത്തിന്റെയും മാഫിയാ സംഘങ്ങളുടെയും അഭയകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തിരുവനന്തപുരം: കള്ളക്കടത്ത് സംഘത്തിന്റെയും മാഫിയാ സംഘങ്ങളുടെയും അഭയകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന് തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന ആസൂത്രക സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം. 

തെളിവ് സഹിതം പിടികൂടിയപ്പോള്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട്  തടിയൂരാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അത് വിലപ്പോകില്ല. ഏതാനും മാസങ്ങളായി നടക്കുന്ന അനധികൃത സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 

സ്വര്‍ണ്ണക്കടത്തുകാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് സിപിഎം നേതാക്കള്‍. ഇതിന് മുമ്പ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് സിപിഎമ്മുമായുള്ള ബന്ധം പരിശോധിച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.  സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരേയും രക്ഷിക്കാനുള്ള ഗൂഢശ്രമം നടക്കുന്നുണ്ട്. 

ഈ വിഷയത്തില്‍ ബിജെപി ഒളിച്ചുകളി നടത്തുകയാണ്. മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോള്‍ അദ്ദേഹത്തെ എങ്ങനെയും രക്ഷപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ ബിജെപിയുടെ അജണ്ട. ഇതിന് പിന്നില്‍ ദേശീയ തലത്തില്‍ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കേരളം കൂടുതല്‍ കാണാന്‍  പോകുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

click me!