സോളാർ ​ഗൂഢാലോചന; മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പ‍ച്ചക്കളളം: കെ സുധാകരൻ

Published : Sep 13, 2023, 06:57 PM IST
സോളാർ ​ഗൂഢാലോചന; മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പ‍ച്ചക്കളളം: കെ സുധാകരൻ

Synopsis

സിബിഐ റിപ്പോർട്ട്  കിട്ടിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. ജൂൺ 19ന് സർക്കാരിന് റിപ്പോർട്ട് കിട്ടിയതിന് രേഖകളുണ്ട്. 

തിരുവനന്തപുരം: സോളാർ ​ഗൂഢാലോചനയെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് കെ സുധാകരൻ. സിബിഐ റിപ്പോർട്ട്  കിട്ടിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. ജൂൺ 19ന് സർക്കാരിന് റിപ്പോർട്ട് കിട്ടിയതിന് രേഖകളുണ്ട്. സോളാറിൽ ​ഗൂഢാലോചന തെളിഞ്ഞെന്നും യുഡ‍ിഎഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നടപടി വേണം. ഇനി അന്വേഷണം വേണ്ടെന്നും യുഡിഎഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. അടുത്ത മാസം 18ന് സെക്രട്ടറിയേറ്റ് വളയുമെന്നും യുഡ‍ിഎഫ് വ്യക്തമാക്കി. 

വാർത്താക്കുറിപ്പ് 

സോളാര്‍ കേസില്‍ സിബിഐ ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് നട്ടാല്‍ കുരുക്കാത്ത നുണയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 2023 ജൂണ്‍ 19ന് റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നുവെന്നും കെ സുധാകരൻ. 

സിബിഐ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിനു വേണ്ടി സീനിയല്‍ ഗവ. പ്ലീഡര്‍ എസ് ചന്ദ്രശേഖരന്‍ നായര്‍ കഴിഞ്ഞ  ജൂണ്‍ എട്ടിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ജൂണ്‍ 19ന് അതു നല്കുകയും ചെയ്തു. 76 പേജുകളുള്ള റിപ്പോര്‍ട്ടിന്റെ അവസാന പേജില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.  മൂന്നു മാസം റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്ന ശേഷമാണ് മുഖ്യമന്ത്രി  സഭയില്‍ പച്ചക്കളളം തട്ടിവിട്ടത്. ഇത് നിയമസഭാംഗങ്ങളുടെ അവകാശത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന്  സുധാകരന്‍ ചൂണ്ടിക്കാട്ടി. 

പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടാന്‍ സോളാര്‍ കേസ് നികൃഷ്ഠമായി ഉപയോഗിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദല്ലാള്‍ നന്ദകുമാര്‍ പലവട്ടം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന്റെ വിശാദംശങ്ങള്‍ പുറത്തുവന്നു. നന്ദകുമാര്‍ വിവാദ വനിതയ്ക്കു 50 ലക്ഷം രൂപ നൽകിയാണ് കത്ത് കൈക്കലാക്കിയത്. ഈ തുക വാങ്ങാനും കത്ത് മുഖ്യമന്ത്രിക്ക്  കൈമാറാനുമാണ്  ദല്ലാള്‍ നന്ദകുമാര്‍  അതീവസുരക്ഷാമേഖലയാക്കപ്പെട്ട സെക്രട്ടേറിയറ്റിലെത്തിയതെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. സിപിഎമ്മിന്റെ ശക്തമായ സമ്മര്‍ദം മൂലമാണ്  ദല്ലാള്‍ നന്ദകുമാര്‍ വിവാദ വനിതയ്ക്ക് പണം നല്കിയതെന്ന് സിബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഭരണം പിടിക്കാന്‍ സിപിഎം കണ്ടെത്തിയ നികൃഷ്ടമായ വഴിയായിരുന്നു ഇത്. 

സോളാര്‍ കേസിന്റെ പ്രഭവകേന്ദ്രമായ കെബി ഗണേഷ്‌കുമാറിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പ്രതികരണമില്ല. വിവാദ വനിതയെ ആറുമാസം തടവിലിട്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തിലിനുശേഷവും ഗണേഷ് കുമാറിനെതിരേ നടപടിയില്ല.  വേട്ടയാടലില്‍ പ്രധാന പങ്കുവഹിച്ച മന്ത്രി സജി ചെറിയാന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തുടങ്ങിയവര്‍ക്കെതിരേയും നടപടിയില്ല.  കേരള രാഷ്ട്രീയത്തെ അങ്ങേയറ്റം മലീമസമാക്കിയ സിപിഎമ്മിന്റെ മുഖംമൂടിയാണ് കൊഴിഞ്ഞുവീഴുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിക്കുകയും  സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ അഴിമതിപ്പണം കുടുംബത്തിലേക്കു കൊണ്ടുപോകുകയും  പച്ചക്കള്ളം തട്ടിവിടുകയും ചെയ്യുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന മഹനീയമായ സ്ഥാനത്തെ കളങ്കപ്പെടുത്തിയെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആരോഗ്യമന്ത്രി ഒന്നും അറിയുന്നില്ല, വല്ലപ്പോഴും സർക്കാർ ആശുപത്രി സന്ദർശിക്കണം'; ഡയാലിസിസ് ചെയ്ത രോഗി മരിച്ച സംഭവത്തിൽ കുടുംബം
അടൂർ പ്രകാശിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചല്ലോയെന്ന ചോദ്യത്തിന് രണ്ട് വാക്കിൽ സുരേഷ് ഗോപിയുടെ മറുപടി; 'സ്വാമിയേ ശരണമയ്യപ്പാ'