പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി: വിശദീകരണവുമായി ചീഫ് സെക്രട്ടറി രാജ്ഭവനിൽ

By Web TeamFirst Published Jan 20, 2020, 11:11 AM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിൽ ഗവര്‍ണര് വിശദീകരണം തേടിയിരുന്നു 

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിൽ ഗവര്‍ണര്‍ വിശദീകരണം തേടിയതിന് പിന്നാലെ ചീഫ് സെക്രട്ടറി ടോംജോസ് ഗവര്‍ണറുമായി കൂടിക്കാഴ്ചക്കെത്തി. രാജ്ഭവനിലാണ് കൂടിക്കാഴ്ച. സുപ്രീംകോടതിയെ സമീപിക്കും മുന്പ് ചട്ടപ്രകാരം ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യതയുണ്ടായിട്ടും അത് ലംഘിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിൽ ആരിഫ് മുഹമ്മദ്ഖാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ ചട്ടലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുന്നതിന്  മുമ്പ് അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ മാത്രമല്ല തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനൻസ് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിൽ അഭിപ്രായ വ്യത്യാസം നിലവിലുണ്ട്. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനൻസിൽ 20 ദിവസമായിട്ടും ഗവര്‍ണര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തിൽ ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ . ബില്ലിന്‍റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകുകയും ചെയ്തിരുന്നു, 

മാത്രമല്ല ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ലെന്ന നയപരമായ തീരുമാനവും മന്ത്രിസഭാ യോഗം കൈക്കൊണ്ടിരുന്നു. നിര്‍ണ്ണായക മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ചീഫ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് എത്തിയിട്ടുള്ളത്. 

click me!