ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയം; ഇഡിക്കെതിരായ നീക്കത്തിൽ നിന്ന് ബാലാവകാശ കമ്മീഷൻ പിന്മാറി

By Web TeamFirst Published Nov 9, 2020, 12:35 PM IST
Highlights

കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ല. കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങൾ അന്ന് തന്നെ തീർപ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷൻ അം​ഗം കെ നസീർ വ്യക്തമാക്കി.

കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തിൽ ഇഡിക്കെതിരെ തുടർനടപടികൾ ഇല്ലെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ല. കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങൾ അന്ന് തന്നെ തീർപ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷൻ അം​ഗം കെ നസീർ വ്യക്തമാക്കി.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഉദ്യോ​ഗസ്ഥർ വീട് റെയ്ഡ് ചെയ്യാനെത്തിയിരുന്നു. ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാമാതാവുമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. നിരവധി മണിക്കൂറുകൾ നീണ്ടു നിന്ന റെയ്ഡ് കടുത്ത മാനസികസമ്മർദ്ദമുണ്ടാക്കിയെന്നും രണ്ടരവയസ്സുള്ള കുഞ്ഞിന് ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്നും ഇവർ പറഞ്ഞിരുന്നു.

ബിനീഷ് കോടിയേരിയുടെ ഭാര്യ പിതാവ് ബാലാവകാശ കമ്മീഷൻ പരാതി നൽകുകയും ചെയ്തു. തുടർന്ന്, ഉടൻ തന്നെ ബാലാവകാശ കമ്മീഷൻ അം​ഗങ്ങള്‌‍ വീട്ടിലെത്തി ഇവരെ സന്ദർശിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു. ബാലാവകാശ കമ്മീഷന്‍റേത് പക്ഷപാതപരമായ നിലപാട് ആണെന്നും വിമർശനം ഉയർന്നു. ഇതിനെല്ലാം ഒടുവിലാണ്, ഇനി തുടർനടപടിയില്ലെന്ന് ബാലാവകാശ കമ്മീഷൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 

click me!