
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റം തെളിയാതിരിക്കാൻ ആയമാർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ നഖം വെട്ടിയാണ് മൂന്ന് ആയമാരും ഹാജരായത്. മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിക്ക് നേരിട്ട് ക്രൂരതയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ഇന്നലെയാണ് പുറത്ത് വന്നത്. കുട്ടിയെ ഉപദ്രവിച്ച കാര്യം അധികൃതരെ അറിയിക്കാതെ ഒരാഴ്ചയാണ് ആയമാര്‍ മറച്ച് വെച്ചത്. കിടക്കയിൽ മൂത്രമൊഴിക്കുന്നത് പതിവാക്കിയിരുന്ന കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിലാണ് ആയമാർ പലയിടത്തും വെച്ച് സംസാരിച്ചത്. അറസ്റ്റിലായ ആയമാർ നേരത്തെയും കുട്ടികളോട് മോശമായി പെരുമാറിയെങ്കിലും ഇടത് രാഷ്ട്രീയബന്ധം കാരണം ജോലിയിൽ തുടരുകയായിരുന്നു.
അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലെത്തിയ കുട്ടിയോട് അതി ക്രൂരമായിട്ടാണ് മൂന്ന് ആയമാര്‍ പെരുമാറിയത്. കിടക്കയിൽ പതിവായി മൂത്രം ഒഴിക്കുന്ന കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതി അജിത ഒപ്പമുണ്ടായിരുന്നവരോട് കഴിഞ്ഞ മാസം 24 ന് ഒരു വിവാഹ വേദിയിൽ വെച്ചാണ് പറയുന്നത്. കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാൻ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികള്‍ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയയാണ് കുളിപ്പിക്കുമ്പോൾ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചതാണ് നിർണ്ണായകമായത്.
സ്വകാര്യ ഭാഗത്തെ മുറിവുകൾ അടക്കം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ ആയ ആണ്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. പിൻഭാഗത്തും കൈക്കും സ്വകാര്യഭാഗത്തും മുറിവുകളോടെയാണ് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്. ക്രൂരമായി മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ടെന്ന ഡോക്ടറും അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് തുടര്‍ നടപടി എടുത്തത്. സംഭവത്തിൽ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂന്ന് പേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കുട്ടിയെ ഉപദ്രവിച്ച വിവരം കുറ്റസമ്മത മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൈകൊണ്ട് അടിച്ചതിന് നേരത്തെയും ഇതേ പ്രതികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെങ്കിലും ഇടതുരാഷ്ട്രീയ ബന്ധമുള്ള മൂന്ന് പേരെയും വീണ്ടും ജോലിയിലെടുക്കുകയായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ചുള്ള വിശദാംശങ്ങള്‍ നൽകാൻ മ്യൂസിയം പൊലീസ് ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam