ശിശുക്ഷേമ സമിതിയിൽ ക്രമക്കേട്; 70 ലക്ഷത്തിൻറെ സാമ്പത്തിക ആരോപണം

By Web TeamFirst Published Jun 7, 2020, 12:40 AM IST
Highlights

2017-2019 കാലയളവിൽ 70 ലക്ഷത്തിന്‍റെ ക്രമക്കേട് ചൂണ്ടികാട്ടി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി മുൻ ഭരണസമിതിക്കെതിരെ സാമ്പത്തിക ആരോപണവുമായി പുതിയ ഭരണസമിതി. 2017-2019 കാലയളവിൽ 70 ലക്ഷത്തിന്‍റെ ക്രമക്കേട് ചൂണ്ടികാട്ടി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ക്രമക്കേടിൽ രണ്ട് ജീവനക്കാർക്കെതിരെയും പുതിയ ഭരണസമിതി നടപടിയെടുത്തു.

സിപിഎം നേതാക്കൾ അംഗങ്ങളായ ഭരണസമിതിയാണ് രണ്ട് തവണയായി ശിശുക്ഷേമ സമിതി ഭരിക്കുന്നത്. 2017-2019 കാലയളവിൽ എസ് പി ദീപക് നേതൃത്വം നൽകിയ ഭരണസമിതിക്കെതിരെയാണ് സാമ്പത്തിക ആരോപണം. കുട്ടികളുടെ ചലച്ചിത്രമേളയും മറ്റ് പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചതിൽ 70 ലക്ഷം രൂപയുടെ ക്രമക്കേടാണ് ജെ ഷിജുഖാൻറെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി കണ്ടെത്തിയത്. എസ് പി ദീപക്ക് നേതൃത്വം നൽകിയ ഭരണസമിതിക്കെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റിക്കാണ് പുതിയ ഭരണസമിതി പരാതി നൽകിയത്.

തിരുവനന്തപുരം കൈതമുക്കിൽ ദാരിദ്ര്യം കാരണം കുട്ടികൾ മണ്ണ് തിന്നുവെന്ന വിവാദ പരാമർശത്തിൽ ദീപക്ക് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. പരാമർശം സർക്കാരിന് നാണക്കേടായതോടെ 2019ൽ സിപിഎമ്മും ദീപക്കിനെതിരെ നടപടിയെടുത്തു. ഇതിന് പിന്നാലെയാണ് ഷിജു ഖാൻറെ നേതൃത്വത്തിലുള്ള ഭരണസമിതി സാമ്പത്തിക പൊരുത്തക്കേടുകൾ കണ്ടെത്തി പാർട്ടി നേതൃത്വത്തെ അറിയിച്ചത്. ക്രമക്കേട് കണ്ടെത്തിയതോടെ ഒരു ജീവനക്കാരി സസ്‌പെൻഷനിലാണ്. അക്കൗണ്ട്സ് വിഭാഗത്തിലെ താത്കാലിക ജീവനക്കാരനെ ഭരണസമിതി പുറത്താക്കി. 

അഴിമതിക്ക് തടയിട്ടത് തൻറെ ഭരണകാലയളവിലാണെന്നും സാമ്പത്തിക കാര്യങ്ങൾ സുതാര്യമാണെന്നുമാണ് എസ് പി ദീപക്കിൻറെ വിശദീകരണം. സമിതിയിലെ പുതിയ കണ്ടെത്തലുകളിൽ ഗൗരവകരമായ പരിശോധനകളിലേക്കാണ് സിപിഎം നേതൃത്വം കടക്കുന്നത്.

click me!