
കൊല്ലം: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ തട്ടി പരുക്കേറ്റ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ചിന്ത പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കാര്‍ പിന്നോട്ട് എടുത്ത് വന്ന് ഇടിച്ചത്. അമ്മക്ക് പരുക്ക് പറ്റാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. ചര്‍ച്ചയ്ക്ക് ഇടയിലും സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ചര്‍ച്ച അവസാനിച്ച ഘട്ടത്തിലും ബഹളം തുടരുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ ആക്രമണം അവര്‍ നടത്തിയത് എന്നാണ് മനസിലാക്കുന്നതെന്ന് ചിന്ത പറഞ്ഞു.
ചിന്താ ജെറോമിന്റെ കുറിപ്പ്: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. ഏപ്രില്‍ 13ന് രാത്രി ന്യൂസ്18 ന്റെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മടങ്ങുന്ന നേരത്താണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കാര്‍ പിന്നോട്ട് എടുത്ത് വന്ന് ഇടിച്ചത്. ഒപ്പം ഉണ്ടായിരുന്ന അമ്മക്ക് പരിക്ക് പറ്റാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. ചാനല്‍ ചര്‍ച്ചയ്ക്ക് ഇടയിലും സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ചര്‍ച്ച അവസാനിച്ച ഘട്ടത്തിലും ബഹളം തുടരുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ ആക്രമണം അവര്‍ നടത്തിയത് എന്നാണ് മനസ്സിലാക്കുന്നത്. ഇടിയുടെ അഘാതത്തില്‍ ശരീരത്തില്‍ ആകെ വേദനയായിരുന്നു. രാജ്യം നിര്‍ണായകമായ തെരഞ്ഞെടുപ്പ് നേരിടുന്ന ഈ ഘട്ടത്തില്‍ അഞ്ചുദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരിക എന്നത് ശാരീരിക വേദനയെക്കാള്‍ അങ്ങേയറ്റം വിഷമകരമാണ്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍, പി കെ ശ്രീമതി ടീച്ചര്‍ തുടങ്ങിയവര്‍ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. സഖാക്കള്‍ എം. എ ബേബി, കെ.എന്‍ ബാലഗോപാല്‍ എസ്.സുദേവന്‍, മുല്ലക്കര രത്‌നാകരന്‍, നിരവധി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സഖാക്കള്‍ തുടങ്ങിയവര്‍, എനിക്ക് അപകടം പറ്റി ആശുപത്രിയില്‍ ആയത് മുതല്‍ നേരിട്ടെത്തുകയുണ്ടായി.
അപ്രതീക്ഷിത ആക്രമണം കണ്ട് ഭയന്നുപോയ അമ്മയ്ക്ക് ധൈര്യം നല്‍കിയതും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ സംരക്ഷിച്ചതും പ്രിയപ്പെട്ട സഖാക്കളായിരുന്നു. തെരഞ്ഞെടുപ്പിന് ഇടയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ ഭാഗത്തുണ്ടാകുന്നുണ്ട്. പ്രിയപ്പെട്ട സഖാക്കള്‍ ഇത്തരം പ്രകോപനങ്ങളില്‍ വീണു പോകരുത്. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം തുടര്‍ന്ന് ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണില്‍ കൂടിയും നേരിട്ട് എത്തിയും ധൈര്യം നല്‍കിയവര്‍ക്ക് എല്ലാം ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam