
കൊച്ചി: ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണത്തിൽ പ്രതി അനൂപിന്റെ മൊഴി പുറത്ത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച അന്ന് രാത്രിയും അനൂപ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു എന്നാണ് മൊഴി. വീട്ടിൽ വെളിച്ചം കണ്ടപ്പോൾ പെൺകുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് കരുതി. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രതി അനൂപിനെ പൊലീസ് അയാളുടെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പൊലീസിന് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്.
പെൺകുട്ടിയെ അതിക്രൂരമായി ആക്രമിച്ച ഞായറാഴ്ച രാത്രിയും പ്രതി അനൂപ് വീട്ടിലെത്തിയിരുന്നു. വീട്ടിനകത്തേക്ക് കയറിയില്ല. വീട്ടിൽ വെളിച്ചം കണ്ടതിനെ തുടർന്ന് ഇയാൾ തിരിച്ചു പോയി. കുട്ടിക്ക് പ്രശ്നമൊന്നുമില്ലെന്ന് കരുതിയാണ് വീട്ടിലേക്ക് തിരികെ പോയതും ഒളിവിൽ പോകാതിരുന്നത് എന്നും ആണ് അനൂപ് പൊലീസിന് നൽകിയ മൊഴി.
പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിക്രൂരമായ ആക്രമണത്തിന് കുട്ടി ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ ഷാൾ കുരുങ്ങിയതും വൈദ്യസഹായം വൈകിയതുമാണ് ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ പെൺകുട്ടിക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചിരുന്നു. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. വീട്ടിലെ പൊതുദർശനത്തിനു ശേഷം ഉച്ചക്ക് ശേഷം മൃതദേഹം തൃപ്പൂണിത്തുറ പള്ളിയിൽ സംസ്കരിച്ചു. അനൂപിനെതിരെ നരഹത്യക്കുറ്റം കൂടി പൊലീസ് ചുമത്തിയിട്ടുണ്ട്. സുഹൃത്തുക്കളായ രണ്ട് പേരെക്കൂടി പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam