നിരപരാധി, പരാതിക്കാരിയെ അറിയില്ല, പരാതി വ്യാജമെന്നും പീഡനക്കേസ് പ്രതിയായ കോസ്റ്റൽ സി ഐ സുനു

By Web TeamFirst Published Nov 20, 2022, 1:04 PM IST
Highlights

താൻ നിരപരാധി എന്ന് ബോധ്യപ്പെട്ടതിനാലാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. തനിക്ക് ശത്രുക്കൾ ഉണ്ടെന്ന് കരുതുന്നുമില്ലെന്നും സുനു വ്യക്തമാക്കി. 

കോഴിക്കോട് : താൻ നിരപരാധിയെന്ന് പീഡനക്കേസിൽ ആരോപണ വിധേയനായ കോസ്റ്റൽ സിഐ പി ആർ സുനു ഏഷ്യാനെറ്റ് ന്യൂസിനോട്. തനിക്കെതിരായ പരാതി വ്യാജമാണെന്നും സുനു പറഞ്ഞു. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയാണ് സുനു. പരാതിക്കാരെ അറിയില്ല, ഇതുവരെ കണ്ടിട്ടുമില്ല. താൻ നിരപരാധി എന്ന് ബോധ്യപ്പെട്ടതിനാലാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. തനിക്ക് ശത്രുക്കൾ ഉണ്ടെന്ന് കരുതുന്നുമില്ലെന്നും സുനു വ്യക്തമാക്കി. 

ഇന്ന് രാവിലെയാണ് സുനു ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തിരികെ ചാർജ് എടുത്തത്. ഒരാഴ്ച്ച മുൻപാണ് പീഡനക്കേസിൽ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മതിയായ തെളിവുകളുടെ അഭാവത്തിൽ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ, നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. 

അതേസമയം തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ യുവതിയുടെ ആരോപണങ്ങൾ ശരിവക്കുന്ന തെളിവുകൾ കണ്ടാത്താനായില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പിടിയിലാകാനുള്ള പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കൊടുവിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ല. സുനുവടക്കം പത്ത് പ്രതികൾ ഉണ്ടെന്ന് പറയുമ്പോഴും എല്ലാവരിലേക്കും എത്താനും കഴിഞ്ഞിട്ടില്ല. അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. 

യുവതിയുടെ വീട്ടിൽ ജോലിക്ക് നിന്ന വിജയ ലക്ഷ്മി, വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവൻ, സുനു എന്നിവരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്. ക്ഷേത്ര ജീവനക്കാരനായ അഭിലാഷ്, പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്ത് ശശി എന്നിവരാണ് കേസിലെ തിരിച്ചറിഞ്ഞ മറ്റ് പ്രതികൾ. വിജയലക്ഷ്മിയുടെ ഒത്താശയോടെ രണ്ട് സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കൂട്ട ബലാൽസംഗം നടന്നെന്ന പരാതിയിൽ മെഡിക്കൽ പരിശോധനയിൽ തെളിവ് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതിനിടെ താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്ന് വ്യക്തമാക്കുന്ന സുനുവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.

Read More : തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതി സുനു ചാർജെടുത്തു, കോസ്റ്റൽ സിഐയായി ഡ്യൂട്ടിക്കെത്തിയത് ഇന്ന്

click me!