കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുളള ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രഖ്യാപനത്തിനെതിരെ സിഐടിയു പ്രതിഷേധം. പദ്ധതി സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെയാണ് സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. അതേസമയം പദ്ധതി അടിച്ചേല്‍പിക്കില്ലെന്നും, ഫുഡ് സ്ട്രീറ്റിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുളള കോഴിക്കോട്ടെ വലിയങ്ങാടിയില്‍ ടൂറിസം വികസനത്തിന്‍റെ ഭാഗമായി രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന ഫുഡ് സ്ട്രീറ്റ് തുടങ്ങുമെന്ന് കഴിഞ്ഞമാസമാണ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. കോഴിക്കോട് കോർപ്പറേഷന്‍റെ സഹകരണത്തോടെ മാസങ്ങൾക്കകം പദ്ധതി തുടങ്ങാനായിരുന്നു നീക്കം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെ തുടങ്ങിയതിനു പിന്നാലെയാണ് സിഐടിയുവിന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്.
കോഴിക്കോട് റെയില്‍വേ മേൽപ്പാലത്തിന് സമീപത്ത് നിന്ന് തുടങ്ങി വലിയങ്ങാടി വരെ നടന്ന പ്രതിഷേധ മാർച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. തങ്ങളുടെ തൊഴിലും വലിയങ്ങാടിയുടെ പ്രൗഢിയും നഷ്ടപ്പെടുത്തുന്ന പദ്ധതി ഒരു കാരണവശാലും നടപ്പാക്കാനനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വ്യാപാരികളും പദ്ധതിക്കെതിരെ നിലപാടറിയിച്ചിരുന്നു. അതേസമയം തൊഴിലാളികളെയും വ്യാപാരികളെയും ബാധിക്കുന്ന ഒരു പദ്ധതിയും നടപ്പാക്കില്ലെന്നും, അവിടെ വേണ്ട എന്നാണെങ്കില്‍ മറ്റൊരു സ്ഥലം ആലോചിക്കുമെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.
മന്ത്രി അഭിമാന പദ്ധതിയായി അവതരിപ്പിച്ച ഫുഡ് സ്ട്രീറ്റിന്‍റെ പ്രാരംഭഘട്ടത്തില്‍തന്നെ കടുത്ത പ്രതിഷേധമാണ് തൊഴിലാളി സംഘടനകൾ രേഖപ്പെടുത്തുന്നത്. കൂടുതല്‍ ചർച്ചകൾ നടത്തുമെന്ന് മന്ത്രി അറിയിക്കുമ്പോഴും വ്യാപാരികളും വൈകാതെ പ്രതിഷേധവുമായെത്തുമെന്നുറപ്പായിരിക്കുകയാണ്. എങ്ങനെ ഈ എതിർപ്പുകൾ സർക്കാർ മറികടക്കുമെന്ന് കണ്ടറിയണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam