Latest Videos

സെക്രട്ടറിയേറ്റിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും നിയന്ത്രണം; പ്രവേശനത്തിന് പ്രത്യേക തിരിച്ചറിയൽ കാർഡ്

By RP VinodFirst Published Jun 22, 2022, 2:36 PM IST
Highlights

ആഭ്യന്തരവകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ മാത്രമെ ഐ എ എസ്, ഐ പി എസ് ഉദ്യോഗ്സഥർക്കും ഇനി സെക്രട്ടേറിയറ്റിന്  അകത്തേക്ക് പ്രവേശനമുള്ളു.

തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് സിവിൾ സർവീസുകാർക്കും നിയന്ത്രണം. സെക്രട്ടറിയേറ്റിൽ പ്രവേശിക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. ആഭ്യന്തരവകുപ്പാണ് തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വന്നത്. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കുമുൾപ്പടെ സെക്രട്ടറിയേറ്റിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ പ്രതേക ഉത്തരവിറക്കിയിരുന്നു.

പക്ഷേ ഈ സംവിധാനങ്ങളെയും മറികടന്ന് സ്വപ്നയും മറ്റ് സ്വർണക്കടത്ത് പ്രതികളും നിരന്തരം സെക്രട്ടറിയേറ്റിലെത്തിയത് സർക്കാരിന് തിരിച്ചടിയായി. ഇതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച സർക്കാർ ഏതാവശ്യത്തിന് വരുന്നുവെന്ന് മുൻകൂട്ടി വ്യക്തമാക്കിയ ശേഷം മാത്രം സന്ദർശകരെ അനുവിക്കണമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ഉത്തരവിറക്കിയിരുന്നു. സെക്രട്ടറിയേറ്റിലെത്തുന്ന സന്ദർശകരുടെ ഉത്തരവാദിത്വം പ്രവേശനത്തിന് അനുമതി നൽകുന്ന ഉദ്യോഗസ്ഥനായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും പ്രതേക തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. ആഭ്യന്തരവകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ മാത്രമെ ഐ എ എസ്, ഐ പി എസ് ഉദ്യോഗ്സഥർക്കും അകത്തേക്ക് പ്രവേശനമുള്ളു. വിരമിച്ചവർക്കും ഇത് ബാധകമാക്കിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പോലും സെക്രട്ടറിയേറ്റിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംസ്ഥാനത്തിൻെറ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. കറൻസി കടത്തിൽ മുഖ്യമന്ത്രി ഉൾപ്പടെ ആരോപണത്തിലായിരിക്കുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ കേന്ദ്ര ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് വ്യാപിക്കാനും സാധ്യതയുള്ളതിനാലാണ് പുതിയ നിയന്ത്രണങ്ങളെന്നും സൂചനയുണ്ട്.
 

click me!