
കാസർകോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാർട്ടി വിട്ട മുൻ കെപിസിസി വൈസ് ചെയർമാൻ സി കെ ശ്രീധരൻ. സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരൻ വ്യക്തമാക്കി. ടി പി ചന്ദ്രശേഖരൻ കേസിൽ സിപിഎം നേതാവ് പി മോഹനൻ ഒഴിവാക്കപ്പെട്ടത് സി കെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്നായിരുന്നു സുധാകരന്റെ ആരോപണം. ഇന്നലെ കാസർകോട് ചിറ്റാരിക്കാലിൽ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരൻ ആരോപണം ഉന്നയിച്ചത്. സുധാകരൻ വിവരക്കേട് പറയുകയാണെന്ന് സികെ ശ്രീധരൻ പറഞ്ഞു. സുധാകരന്റെ പ്രസ്താവന അപകീർത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണെന്നും പ്രസ്താവനയിൽ കോടതിയലക്ഷ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്നും സികെ ശ്രീധരൻ വ്യക്തമാക്കി.
വലിയ മഴ പെയ്യുമ്പോൾ ചെറിയ തുള്ളി പോകുന്നത് പോലെയാണ് സികെ ശ്രീധരന്റെ പാർട്ടി മാറ്റമെന്ന് ഇന്നലെ കാസർകോട് പാർട്ടി പരിപാടിയിൽ സംസാരിച്ച് കെ സുധാകരൻ പറഞ്ഞിരുന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിന്റെ കാലം മുതൽ സികെ ശ്രീധരനും സിപിഎമ്മും തമ്മിൽ ബന്ധമുണ്ട്. ഇതിന്റെ ഭാഗമായാണ് പി മോഹനൻ കേസിൽ പ്രതിയാകാതിരുന്നത്. ഏറെക്കാലം കോൺഗ്രസിൽ പ്രവർത്തിച്ച അദ്ദേഹം പാർട്ടി വിട്ടപ്പോൾ ഒപ്പം പോകാൻ ആളില്ല. അധികാര സ്ഥാനങ്ങളിൽ ഇരുന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം ഒരു പത്ത് പേർ പോയില്ല? ഇക്കാര്യം സിപിഎമ്മുകാരും സികെ ശ്രീധരനും ആലോചിക്കണം. സികെ ശ്രീധരൻ സിപിഎമ്മുമായുള്ള ബന്ധം തുടങ്ങിയത് ഇപ്പോഴല്ല. ടിപി ചന്ദ്രശേഖരൻ വധക്കേസ് മുതൽ അവർ തമ്മിൽ ബന്ധമുണ്ട്. മോഹനൻ മാസ്റ്റർ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടത് വെറുതെയല്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങളിൽ ഒന്നിന്റെ പരിണിത ഫലമാണ് ഈ ചുവടുമാറ്റം എന്നും കെ സുധാകരൻ പ്രസംഗിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam