
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. മുപ്പത്തിനാല് മണിക്കൂര്‍ നീണ്ട തെരച്ചിലാണ് ഇന്ന് താല്‍ക്കാലികമായി നിര്‍ത്തിയത്. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ഇന്ന് ലക്ഷ്യം കണ്ടില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ആറ് മണിയോടെ സ്കൂബ സംഘം ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു.
അതേസമയം, നേവിയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘം തിരുവനന്തപുരത്തെത്തി. അഞ്ച് പേരാണ് സംഘത്തിലുള്ളത്. നേവി ടീമിന്റെ പരിശോധന ഉടൻ ആരംഭിക്കും. ഇപ്പോഴത്തെ പരിശോധന സ്വതന്ത്രമായി നടത്താനാണ് തീരുമാനം. മാധ്യമങ്ങളോ മറ്റ് ഉദ്യോഗസ്ഥരോ വരരുതുന്ന് നേവി അറിയിച്ചു. കളക്ടർ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ബ്രീഫിങ്ങിനായി ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ മാത്രം നേവി ടീമിനൊപ്പം ഉണ്ടാകും. തടയണ കെട്ടിയുള്ള ഓപ്പറേഷൻ വേണ്ടി വെള്ളം പമ്പ് ചെയ്യുന്നതും തത്കാലം നിർത്തി വെച്ചെന്ന് മേയർ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. നേവിയുടെ തീരുമാനം വന്ന ശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam