കണ്ണൂർ: കണ്ണൂരിൽ കനത്ത സുരക്ഷയ്ക്കിടെ കടന്ന് പോയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‍യു പ്രവർത്തകനെ പൊലീസ് വാഹനത്തിനുള്ളിൽ വച്ച് മർദ്ദിച്ച് സിപിഎം പ്രവർത്തകർ. കെഎസ്‍യു ജില്ലാ സെക്രട്ടറി ഫർഹാനാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. കെഎസ്‍യു പ്രവർത്തകനെ മർദ്ദിച്ച സിപിഎം പ്രവർത്തകരെ പൊലീസിന് തടയാൻ പോലുമായില്ല. പൊലീസ് വാഹനത്തിൽ വച്ച് പ്രവർത്തകനെ മർദ്ദിച്ച സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു പൊലീസ്.
ഇതിനിടെ തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് - കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. മാർച്ചിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ഇടങ്ങളിലെല്ലാം സിപിഎം പതാകയുമായി പ്രവർത്തകർ പുറത്തുണ്ട്. ഇന്ന് രാവിലെ മുതൽ മാത്രം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതിന് മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ്, യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് മടങ്ങുന്നത് വരെ തടങ്കലിൽ വയ്ക്കും.