'പരിഷ്കരണമാകാം, വിവാദ പ്രസ്താവന വേണ്ട', കെഎസ്ആർടിസി എംഡിയെ വിളിപ്പിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jan 18, 2021, 12:03 PM IST
Highlights

കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആർടിസിയുടെ പരിഷ്കരണനടപടികളുമായി മുന്നോട്ടുപോകാം, അതിൽ തെറ്റില്ലെന്ന് ബിജു പ്രഭാകറിനോട് മുഖ്യമന്ത്രി പറഞ്ഞതായി തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വിവാദപ്രസ്താവനകൾ വേണ്ട. അത് ഗുണം ചെയ്യില്ല.

തിരുവനന്തപുരം: കെഎസ്ആർടിയിലെ അഴിമതിയും വെട്ടിപ്പുകളും തുറന്ന് പറഞ്ഞും ഉദ്യാഗസ്ഥർക്കെതിരെ നടപടി എടുത്തും രംഗത്തെത്തിയ എംഡി ബിജു പ്രഭാകറിനെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി നേരിട്ട് വിളിപ്പിച്ചത്. 

സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ ബിജു പ്രഭാകറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തി കണ്ടത്. കെഎസ്ആർടിസിയുടെ പരിഷ്കരണനടപടികളുമായി മുന്നോട്ടുപോകാം, അതിൽ തെറ്റില്ലെന്ന് ബിജു പ്രഭാകറിനോട് മുഖ്യമന്ത്രി പറഞ്ഞതായി തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വിവാദപ്രസ്താവനകൾ വേണ്ട. അത് ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി ബിജു പ്രഭാകറിനോട് പറഞ്ഞു. 

തന്‍റെ നിലപാടുകൾ ബിജു പ്രഭാകർ മുഖ്യമന്ത്രിയോട് വിശദീകരിച്ചു എന്നാണറിയുന്നത്. സ്ഥാപനത്തെ ശുദ്ധീകരിക്കാനുള്ള നിലപാടുകളുമായി മുന്നോട്ടുപോകുമ്പോൾ, അതിന് തുരങ്കം വയ്ക്കാനുള്ള നടപടികളുമായി ചിലർ വരുന്നു. മാനേജ്മെന്‍റിനെതിരെ നീക്കങ്ങൾ നടക്കുന്നു. അതിനാലാണ് ചില പ്രസ്താവനകൾ നടത്തേണ്ടി വന്നത്. തന്‍റെ ഉദ്ദേശശുദ്ധി തുറന്നുപറയുക മാത്രമാണ് ചെയ്തതെന്നും ബിജു പ്രഭാകർ മുഖ്യമന്ത്രിയോട് പറഞ്ഞു.

എന്നാൽ കെഎസ്ആർടിസിയെ സംരക്ഷിക്കുകയെന്നതും ലാഭത്തിലാക്കുക എന്നതും ഈ സർക്കാരിന്‍റെ പ്രഖ്യാപിതലക്ഷ്യമാണെന്നും മുഖ്യമന്ത്രി എംഡിയോട് പറഞ്ഞു. അതിന് സർക്കാരിന്‍റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയുമുണ്ടാകും. പക്ഷേ, തൊഴിലാളി സംഘടനകളെയും നേതാക്കളെയും വെറുപ്പിച്ചുകൊണ്ടോ, അവരെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടോ ഉള്ള പ്രസ്താവനകളുമായി മുന്നോട്ടുപോകരുത് എന്ന് മുഖ്യമന്ത്രി എംഡിയോട് പറഞ്ഞു. അത് ആകെ സ്ഥാപനത്തിനകത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയേ ഉള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുമായി എം ഡി ബിജുപ്രഭാകർ ഇന്ന് ചർച്ച നടത്താനിരിക്കവെയാണ് മുഖ്യമന്ത്രി എംഡിയെ നേരിട്ട് വിളിച്ചുവരുത്തിയത്. യോഗം നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ജീവനക്കാർക്കെതിരെ എംഡിയുടെ പരാമർശത്തിനെതിരെ യൂണിയനുകൾ രംഗത്ത് വന്നതിന് ശേഷമുള്ള ചർച്ചക്ക് പ്രാധാന്യമേറെയാണ്. ജീവനക്കാരെ ആക്ഷേപിച്ച എംഡി അഭിപ്രായം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉൾപ്പടെയുള്ള സംഘനടകൾ രംഗത്തുണ്ട്. ഐഎൻടിയുസി ഇന്ന് സംസ്ഥാനവ്യാപകമായി സമരം നടത്താൻ നിശ്ചയിച്ചിരുന്നുവെങ്കിലും എംഡി ഇന്നലെ നടത്തിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. കെഎസ്ആർടിസിയിലെ കാട്ടുകള്ളന്മാരെയാണ് ആക്ഷേപിച്ചതെന്നും മൊത്തം ജീവനക്കാരെ അല്ലെന്നും ബിജു പ്രഭാകർ വിശദീകരിച്ചെങ്കിലും അതൃപ്തി പുകയുന്നുണ്ട്.

ഇതിനിടെ നൂറുകോടി കാണാനില്ലെന്ന എംഡിയുടെ വെളിപ്പെടുത്തൽ ശരിവെക്കുന്ന ധനകാര്യപരിശോധനാ വിഭാഗത്തിന്‍റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ചർച്ചകൾക്ക് മുൻപ് തന്നെ  യൂണിയനുകളുടെ എതിർപ്പ് തള്ളി സ്വിഫ്റ്റ് നവീകരണ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെഎസ്ആർടിസി എംഡി വ്യക്തമാക്കിയിട്ടുണ്ട്.

click me!