18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി; ഉദ്ഘാടനം 21ന്

Published : Jan 20, 2026, 07:59 AM IST
pinarayi vijayan

Synopsis

കേരള സർക്കാർ 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്' പദ്ധതിക്ക് തുടക്കം കുറിക്കുന്നു. നൈപുണ്യ പരിശീലനം നേടുന്നവർക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി.  

തിരുവനന്തപുരം : കേരളത്തിലെ യുവതീയുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 21ന് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വഴിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

തൊഴിൽ നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവർക്കും വിവിധ മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കുമുള്ള സാമ്പത്തിക കൈത്താങ്ങാണിത്. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വർഷക്കാലം ധനസഹായമായി ലഭിക്കും. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം വിജയകരമായി പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുമാണ് ആനുകൂല്യത്തിന് അർഹത.

പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരും വാർഷിക കുടുംബ വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക്  പദ്ധതിയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ eemployment.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകർക്ക് സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെടാവുന്നതാണ്.

ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി.ഗണേഷ് കുമാർ , കെ.എൻ. ബാലഗോപാൽ,  ജി. ആർ. അനിൽ,  ശശി തരൂർ എം.പി, രാജ്യസഭ അംഗം എ. എ. റഹീം, വി. കെ. പ്രശാന്ത് എം. എൽ. എ,  മേയർ വി. വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, കൗൺസിലർ കെ. ആർ. ക്ലീറ്റസ്, തൊഴിൽ -നൈപുണ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ്, എംപ്ലോയ്മെന്റ് ഡയറക്ടർ സുഫിയാൻ  അഹമദ് തുടങ്ങിയവർ സംബന്ധിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരില സ്വര്‍ണക്കൊള്ള; നിര്‍ണായക നീക്കവുമായി ഇഡി, മുഴുവൻ പ്രതികളുടെയും വീടുകളിൽ റെയ്ഡ്, 21 ഇടങ്ങളിൽ പരിശോധന
ബലാത്സംഗ കേസ്; ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, ജാമ്യ ഹര്‍ജി കോടതിയിൽ