തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണം ആര്‍ക്കെതിരെ ആയാലും നടപടിയെടുക്കും. ഇത്തരം വ്യക്തിഹത്യകളില്‍നിന്ന് സൈബര്‍ ഇടങ്ങൡ നിന്ന് മാത്രമല്ല, എല്ലായിടത്തുനിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാജവാര്‍ത്തകള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളുമുണ്ട്. അത് കണ്ടെത്തുന്നതിനടക്കം പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനത്തിന് നല്ല ഫലം സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതില്‍ ചില പ്രയാസങ്ങളുണ്ട്. കുറേക്കൂടി നിയമപരമായ കരുത്ത് വേണം. അതുമായി ബന്ധപ്പെട്ട പൊതു അഭിപ്രായം പരിശോധിക്കണം. അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ തയ്യാറാക്കാല്‍, തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍, ആള്‍മാറാട്ടം , എന്തും വിളിച്ചുപറയല്‍ എന്നിവ ശക്തമായി കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, പോലീസ് സൈബര്‍ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കേരള പൊലീസ് അറിയിച്ചു. പത്രപ്രവര്‍ത്തക യൂണിയനും മാധ്യമപ്രവര്‍ത്തകരും ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam