'ഇതൊന്നും സമരമല്ല, നാടിനെ അപകടപ്പെടുത്തൽ'; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

By Web TeamFirst Published Jul 10, 2020, 7:53 PM IST
Highlights

ഇത് സമരമല്ല, ഈ നാടിനെ രോഗത്തിൽ മുക്കിക്കളയാനുള്ള ദുഷ്പ്രവൃത്തിയാണ്. സമരത്തിന് ആരും എതിരല്ല. അത് നാടിനെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. സ്വന്തം ആരോഗ്യത്തെ പണയം വയ്ക്കരുത്. സമരങ്ങൾ ഉദ്ഘാടനം ചെയ്യാൻ വരുന്ന, റിവേഴ്സ് ക്വാറന്‍റൈനിൽ കഴിയേണ്ട നേതാക്കളുടെ ജീവൻ അപകടത്തിലാക്കരുത്. 

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ അവ​ഗണിച്ച് സമരം നടത്തുന്ന യുഡിഎഫിനെയും ബിജെപിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സമരമല്ല, ഈ നാടിനെ രോഗത്തിൽ മുക്കിക്കളയാനുള്ള ദുഷ്പ്രവൃത്തിയാണ്. സമരം നടത്തുന്നത് നാടിനെ അപകടപ്പെടുത്തിക്കൊണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ന് ഒരു മാധ്യമത്തിൽ ഒരു ഡസൻ സ്ഥലത്തെ സമരങ്ങളുടെ ചിത്രങ്ങൾ കണ്ടു. ഒരു സുരക്ഷയുമില്ലാതെ പൊലീസിനു നേരെ അലറി വിളിച്ച് പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ കണ്ടു. ഇത് സമരമല്ല, ഈ നാടിനെ രോഗത്തിൽ മുക്കിക്കളയാനുള്ള ദുഷ്പ്രവൃത്തിയാണ്. സമരത്തിന് ആരും എതിരല്ല. അത് നാടിനെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. സ്വന്തം ആരോഗ്യത്തെ പണയം വയ്ക്കരുത്. സമരങ്ങൾ ഉദ്ഘാടനം ചെയ്യാൻ വരുന്ന, റിവേഴ്സ് ക്വാറന്‍റൈനിൽ കഴിയേണ്ട നേതാക്കളുടെ ജീവൻ അപകടത്തിലാക്കരുത്. പൊലീസുമായി മൽപ്പിടിത്തം നടത്തുന്ന ഈ സമരം നാടിനെ വിപത്തിലാക്കുന്നതാണെന്ന് നേതാക്കൾക്ക് ചിന്തിക്കാൻ കഴിയുന്നില്ലെങ്കിൽ അണികൾക്ക് എങ്കിലും കഴിയണം.

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമ്പോൾ ഒരു കൂട്ടം ഒരുമ്പെട്ടിറങ്ങുകയാണ്. സമരത്തെ അംഗീകരിക്കാത്തതെന്ത് എന്ന ചർച്ചകൾ വന്നേക്കാം. ഒരു പരിധി വരെ സമരങ്ങൾ നിരുത്സാഹപ്പെടുത്തുക തന്നെയാണ്. ഒരു വഴിയുമില്ലെങ്കിൽ മറ്റ് മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും. ട്രിപ്പിൾ ലോക്ക് വന്നാൽ ആളുകൾ പുറത്തിറങ്ങരുത് എന്ന് തന്നെയാണ് നിയമവശം. തൽക്കാലം ഇടപെടാതിരിക്കുകയാണ്. അത് ദൗർബല്യമായി കാണണ്ട. നമ്മുടെ നാട്ടിലെ സോഷ്യൽ മീഡിയയിൽത്തന്നെ പരസ്യമായി ആളെ വച്ച് പറയുകയല്ലേ സമരത്തിനിറങ്ങാൻ. അതിന്‍റെ മുൻപന്തിയിൽ നിൽക്കുകയല്ലേ ഇവർ എന്നും യുഡിഎഫിനെയും ബിജെപിയെയും പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. 
 

click me!