പിപ്പിടി വേണ്ട, ആവ‌ർത്തിച്ച് മുഖ്യമന്ത്രി; ചില നിലപാടുകൾ നടക്കില്ലെന്ന് തെളിയിച്ച നാടാണ് കേരളമെന്ന് ഗോവിന്ദൻ

Published : Oct 25, 2022, 09:49 PM IST
പിപ്പിടി വേണ്ട, ആവ‌ർത്തിച്ച് മുഖ്യമന്ത്രി; ചില നിലപാടുകൾ നടക്കില്ലെന്ന് തെളിയിച്ച നാടാണ് കേരളമെന്ന് ഗോവിന്ദൻ

Synopsis

ചില നിലപാടുമായി ഇറങ്ങിയവർക്ക് അത് പറ്റില്ലെന്ന് മനസിലാക്കി കൊടുത്തിട്ടുള്ള നാടാണ് കേരളമെന്നും ആ മനസിലാക്കലാണ് ഗവർണറുടെ കാര്യത്തിലും നടക്കാൻ പോകുന്നതെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം: സർവകലാശാല വി സിമാ‍ർക്കെതിരായ നടപടികളിൽ ഗവർണ‍ർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എൽ ഡി എഫ്. പിപ്പിടി വിദ്യ പരാമർശം ആവർത്തിച്ച് വിമർശനവുമായി മുഖ്യമന്ത്രി രാവിലെ തന്നെ രംഗത്തെത്തിയതിന് പിന്നാലെ വൈകിട്ട് എൽ ഡി എഫ് പ്രതിഷേധവും സംഘടിപ്പിച്ചു. പ്രതിഷേധം ഉദ്ഘാടനം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഗവർണർ നടത്തുന്നത് ആർ എസ് എസ് കുഴലൂത്താണെന്ന് തുറന്നടിച്ചു. നിലവിലെ നിയമനുസരിച്ചാണ് ഗവർണർ ചാൻസിലായതെന്നും കേരള സർവകലാശാല വൈസ് ചാൻസിലറുടെ നിയമനവും അതേ നിയമം വഴിയാണെന്നും പറഞ്ഞ സി പി എം സെക്രട്ടറി, വൈസ് ചാൻസിലറുടെ നിയമനം ശരിയല്ലെങ്കിൽ ചാൻസിലർ നിയമനവും ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു.

രാജാവിന്‍റെ അധികാരമുണ്ടെന്ന് കരുതുന്ന ഒരു ഗവർണർ കേരളത്തിന് അപമാനമാണ്. ഗവർണർ പറയുന്നത് അക്ഷരം പ്രതി കേൾക്കുന്നവരെയാണ് പത്രസമ്മേളനത്തിലേക്ക് വിളിച്ചത്. ഇത് തികച്ചും ഫാസിസ്റ്റ് സമീപനമാണെന്നും എം വി ഗോവിന്ദൻ ചൂണ്ടികാട്ടി. താൻ പറയുന്നത് കേൾക്കണം, തിരിച്ച് ചോദ്യം വേണ്ട, ഇഷ്ടമുള്ളവർ വന്നാൽ മതിയെന്ന് പറയുന്ന ഗവർണറുടേത് എന്ത് ന്യായമാണെന്നും സി പി എം സെക്രട്ടറി ചോദിച്ചു. ആർ എസ് എസ് കുഴലൂത്ത് പണിയാണ് ഗവർണർ നടത്തുന്നത്. ആർ എസ് എസുകാർക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസം തീറെഴുതാൻ ശ്രമിക്കുന്നു. യുണിവേഴ്സിറ്റിയിൽ ആർ എസ് എസുകാരെ നിയമിക്കാൻ നീക്കം നടത്തുന്നു. അതിന് വേണ്ടി പ്രൊഫസർമാരുടെ പട്ടികയെടുക്കുകയാണ് ഗവർണർ. ഇത്തരം ശ്രമങ്ങളെ ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി എൽ ഡി എഫ് പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ജെ എൻ യു അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആ‌ർ എസ് എസ് തകർക്കാൻ ശ്രമിക്കുന്നു. ഹൈദരാബാദ് സർവകലാശാലയെയും തകർക്കാൻ ശ്രമിക്കുകയാണ്. അന്ധവിശ്വാസത്തിൽ അടിമകളായവരെയാണ് ഇവിടങ്ങളിൽ വി സിമാരാക്കുന്നത്. എന്നാൽ ലോകോത്തര കഴിവുളളവരാണ് കേരളത്തിലെ വി സിമാർ. കേരളത്തിനും കാലിക്കറ്റിനും ഗ്രേഡ് നൽകിയത് സംസ്ഥാന സർക്കാരല്ലെന്നും ഗോവിന്ദൻ ചൂണ്ടികാട്ടി.

താൻ ആർ എസ് എസുകാരനാണന്ന് ഒരു മറയുമില്ലാതെ പറഞ്ഞ ഗവർണറാണിത്. അതുകൊണ്ട് ഉദ്ദേശം വ്യക്തമാണെന്നും സി പി എം സെക്രട്ടറി ചൂണ്ടികാട്ടി. 
സേവ് യൂണിവേഴ്സിറ്റി ഫോറത്തെയും അദ്ദേഹം വിമർശിച്ചു. ഒരു കടലാസ് സംഘടനയുണ്ടെന്നും ഇതിന്‍റെ അറ്റത് പ്രതിപക്ഷ നേതാവാണെന്നും ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ നിലപാട് പിന്താങ്ങിയതോടെ സതീശൻ വർഗീയതയെ പിന്തുണക്കുകയാണ്. ഇതിനെതിരെ ലീഗ് പച്ചയായി പ്രതിഷേധിച്ചിട്ടുണ്ട്. യു ഡി എഫിൽ കലാപം ഉയർന്നു കഴിഞ്ഞു. ഇത് വരും ദിവസങ്ങളിൽ കൂടുമെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

പ്രതിഷേധം വീണ്ടും കടുപ്പിക്കുമെന്നും സി പി എം സെക്രട്ടറി വ്യക്തമാക്കി. ആയിരക്കണക്കിന് പേരെ പങ്കെടുപ്പിച്ച് കൺവൻഷൻ നടത്തുമെന്നും ക്യാമ്പസുകളിൽ അതിശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വിവരിച്ചു. ഒരു ലക്ഷം ആളുകളെ നിരത്തി അടുത്ത മാസം 15 ന് രാജ്ഭവൻ മാർച്ച് നടത്തും. ചില നിലപാടുമായി ഇറങ്ങിയവർക്ക് അത് പറ്റില്ലെന്ന് മനസിലാക്കി കൊടുത്തിട്ടുള്ള നാടാണ് കേരളമെന്നും ആ മനസിലാക്കലാണ് ഗവർണറുടെ കാര്യത്തിലും നടക്കാൻ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഗവര്‍ണറുടെ കൈകളും ശുദ്ധമല്ല'; കണ്ണൂരിലെ കാര്യമടക്കം എണ്ണിയെണ്ണി പറഞ്ഞ് വിമർശിച്ച് കെ സുധാകരന്‍

വിണ്ടും പിപ്പിടി വിദ്യ പരാമർശവുമായി മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കുള്ള കേരളത്തിന്‍റെ നടപടികളെ തടയിടാൻ പലവിധ ശ്രമങ്ങൾ നടക്കുന്നു. സർക്കാർ  തീരുമാനങ്ങളെ  അസഹിഷ്ണുതയോടെ കാണുന്നവർ പിപ്പിടി വിദ്യയുമായി വന്നാൽ ഭയന്ന് പിൻമാറില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി പിപ്പിടി വിദ്യ പരാമർശം ആവർത്തിച്ചത്.

 

എൽഡിഎഫ് പ്രതിഷേധം കനക്കും

ഗവര്‍ണര്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി ഒരുങ്ങിയിട്ടുള്ളത്. നവംബര്‍ പതിനഞ്ചിന് രാജ് ഭന് മുന്നിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭത്തിന് തലയെണ്ണി ഒരു ലക്ഷം പേര്‍ അണിനിരത്താനാണ് തീരുമാനം. അതേ ദിവസം തന്നെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ കൂട്ടായ്മകളും നടക്കും. നവംബര്‍ രണ്ട് മുതൽ സംസ്ഥാനത്ത് കൺവെൻഷനുകളും കോളേജുകളും സര്‍വ്വകലാശാലകളും കേന്ദ്രീകരിച്ച് പ്രതിഷേധങ്ങളും നടക്കും.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ